റാണ ദഗ്ഗുബാട്ടിക്കെതിരേയും വെങ്കടേഷ് ദഗ്ഗുബാട്ടിക്കെതിരേയും കേസ്

ഹൈദരാബാദ്: ഫിലിം നഗറില്‍ പ്രവര്‍ത്തിച്ചിരുന്ന ഡെക്കാന്‍ കിച്ചണ്‍ ഹോട്ടല്‍ പൊളിച്ചതുമായി ബന്ധപ്പെട്ട് തെലുങ്ക് സിനിമാതാരം വെങ്കടേഷ് ദഗ്ഗുബാട്ടിക്കെതിരേയും മരുമകനും നടനുമായ റാണ ദഗ്ഗുബാട്ടി, റാണയുടെ സഹോദരന്‍ അഭിറാം ദഗ്ഗുബാട്ടി, പിതാവ് സുരേഷ് ബാബു ദഗ്ഗുബാട്ടി എന്നിവര്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. നന്ദകുമാര്‍ എന്ന വ്യവസായിയുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. നന്ദകുമാര്‍ എന്ന വ്യവസായിക്ക് 2022ല്‍ ദഗ്ഗുബാട്ടി കുടുംബം ഫിലിം നഗറിലെ സ്ഥലം ലീസിന് കൊടുത്തിരുന്നു. ഡെക്കാന്‍ കിച്ചണ്‍ എന്ന ഹോട്ടല്‍ നന്ദകുമാറിന്റെ ഉടമസ്ഥതയില്‍ ഈ സ്ഥലത്താണ് പ്രവര്‍ത്തിച്ചിരുന്നത്. എന്നാല്‍ പിന്നീട് സ്ഥലം ലീസിന് നല്‍കിയതുമായി ബന്ധപ്പെട്ട കരാറിലെ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ടാണ് ദഗ്ഗുബാട്ടി കുടുംബവും നന്ദ കുമാറും തമ്മില്‍ തര്‍ക്കങ്ങള്‍ ആരംഭിച്ചതും നിയമപോരാട്ടത്തിലേക്കെത്തിയതും. ഐ.പി.സി 448, 452,458 എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.