വാഷിംഗ്ടണ്‍: 47ാമത് അമേരിക്കൻ പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ഉദ്ഘാടന ചടങ്ങില്‍ ഖാലിസ്ഥാൻ ഭീകരൻ ഗുർപത്‌വന്ത് സിംഗ് പന്നുൻ പങ്കെടുത്തതായി റിപ്പോർട്ട്. പല പ്രമുഖരും പങ്കെടുത്ത ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തിരുന്നു. പന്നു തന്നെ ചിത്രീകരിച്ചുവെന്നതരത്തിലുള്ള വീഡിയോയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ട്രംപും ഭാര്യ മെലാനിയയും വേദിയിലെത്തിയപ്പോള്‍ ‘യുഎസ്‌എ’, ‘യുഎസ്‌എ’ എന്നായിരുന്നു അവിടെയുണ്ടായിരുന്നവർ മുദ്രാവാക്യം മുഴക്കിയത്. ഇതിനിടെ ‘ഖാലിസ്ഥാൻ സിന്ദാബാദ്’ എന്ന് മുദ്രാവാക്യം പന്നു വിളിക്കുന്നതാണ് വീഡിയോയിലുള്ളത്. സെല്‍ഫി വീഡിയോയാണ് പന്നു എടുത്തിരിക്കുന്നതെന്നാണ് സൂചന.
2019ലാണ് എൻഐഎ, കാനഡയിലെ സിഖ്സ് ഫോർ ജസ്റ്റിസ് തലവനായ ഗുർപത്‌വന്ത് സിംഗ് പന്നുവിനെതിരെ ആദ്യം കേസെടുത്തത്. സിഖ്സ് ഫോർ ജസ്റ്റിസിനെ 2019 ജൂലായ് 10ന് കേന്ദ്ര സർക്കാർ നിരോധിച്ചിരുന്നു. പഞ്ചാബിലും രാജ്യത്തിന്റെ മറ്റിടങ്ങളിലും ഭീകര പ്രവർത്തനം നടത്തുന്നതിന്റെ നിർണായക വിവരങ്ങള്‍ എൻഐഎ ശേഖരിച്ചിരുന്നു. സൈബർ ലോകത്തിലൂടെ യുവാക്കളെ ഭീകരപ്രവർത്തനങ്ങള്‍ക്ക് റിക്രൂട്ട് ചെയ്യുന്നതായും കണ്ടെത്തി. ഖാലിസ്ഥാൻ എന്ന സ്വതന്ത്ര നാടിനുവേണ്ടിയും പഞ്ചാബിലെ ക്രിമിനല്‍ സംഘങ്ങളുടെ നേതാക്കളെയും യുവാക്കളെയും സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ ഇയാള്‍ സ്വാധീനിക്കുകയും ചെയ്തിരുന്നു. ഇന്ത്യ – കാനഡ പ്രതിസന്ധിക്കിടെ കാനഡയിലെ ഹിന്ദുക്കള്‍ ഇന്ത്യയിലേക്ക് മടങ്ങണമെന്നും ഇയാള്‍ ഭീഷണി മുഴക്കിയിരുന്നു. ഗുർപത്‌വന്ത് സിംഗ് പന്നുവിനെ 2020 ജൂലൈ ഒന്നിനാണ് ഭീകരനായി പ്രഖ്യാപിച്ചത്.