മഹന്ത്.
മഹാമഹന്ത്.
മണ്ഡലേശ്വർ,
മഹാമണ്ഡലേശ്വർ,
ആചാര്യ മഹാമണ്ഡലേശ്വർ,
പീഠാധിപതി….
എന്നിങ്ങനെയുള്ള സ്ഥാനക്രമങ്ങളിൽ SFI യുടെ സജീവപ്രവർത്തകനായിരുന്ന ശ്രീ സലിൽ എന്ന വ്യക്തി മഹാമണ്ഡലേശ്വർസ്ഥാനത്ത് എത്തിയതെങ്ങനെ എന്ന് പറയാം …
SFI യുടെ ഡൽഹി കേന്ദ്ര കമ്മിറ്റി അംഗമായിരുന്ന അഖിലാവിമൽ, ഗുരുവായി ശ്രീ അഭിനവ ബാലാനന്ദ ഭൈരവനെ കണ്ടെത്തുന്നു.ഭാരതീയ ശാസ്ത്രഗ്രന്ഥങ്ങൾ പഠിക്കാൻ തുടങ്ങുന്നു.പഠനം ആരംഭിച്ചതും അഖിലാവിമൽ സന്ന്യാസിനിയായ അവന്തികാഭാരതിയാവുന്നു.ഇതിനേപ്പറ്റി പറഞ്ഞപ്പോഴാണ് ശ്രീ സലിൽ എപ്രകാരമാണ് സന്ന്യാസിയായ ശ്രീ ആനന്ദവനം ഭാരതിആയത് എന്നുകൂടി പറയാം.
ശ്രീ സലിൽ SFI-ൽ സജീവ പ്രവർത്തനം നടത്തിയിരുന്ന കാലം.
വിപ്ലവത്തിന് വളക്കൂറുള്ള തൃശ്ശൂരിലെ കേരളവർമ്മയുടെ മണ്ണ്.
തല്ലും പിടിയും ബഹളങ്ങളും സ്വാഭാവികം.എന്നാൽ, ഇത്തവണ കാര്യങ്ങൾ കൈവിട്ടു പോയി.
പോലീസും SFI ക്കാരേപ്പോലെത്തന്നെ ഇത്തിരി ഗൗരവത്തിലാണ്.സമരം കത്തിപ്പടരുകയാണ്.
സമരനേതാക്കളെ കണ്ടാൽ പോലീസ് പിടിക്കും.പിടിച്ചാൽ അകത്തിടും.മറ്റൊന്നിനുമല്ല; നേതൃത്വത്തെ അണികളിൽനിന്നും അടർത്തി, സമരം പൊളിക്കാൻ.മുൻകൂർ ജാമ്യത്തിന് അപേക്ഷിച്ചിട്ടുണ്ട്. അതിൽ തീർപ്പാകുംവരെ പോലീസിൻ്റെ കയ്യിൽ പെടരുത്. അതിന് ഒറ്റ വഴിയേ ഉള്ളൂ പാർട്ടിതന്നെ പറഞ്ഞു;തത്ക്കാലം മുങ്ങിക്കോളാൻ.
അങ്ങനെ, മുങ്ങാൻ പറ്റിയ സ്ഥലം തപ്പുമ്പോഴാണ് തന്ത്രശാലിയായ സലിൽ കുംഭമേളയേക്കുറിച്ച് ഓർക്കുന്നത്.
2001-ൽ പ്രയാഗിൽ കുംഭമേള നടക്കുകയാണ്.ലക്ഷങ്ങൾ ഒഴുകിയെത്തുന്ന കുംഭമേളയിൽ ഒളിക്കുന്നതിനേക്കാൾ സുരക്ഷിതമായൊരു ഇടം മറ്റൊന്നില്ലഎന്ന് ശ്രീ സലിലിന് തോന്നുന്നു.നുള്ളിപ്പെറുക്കിക്കിട്ടിയ കാശുമായി നേരെ കുംഭമേളയിലെത്തുന്നു.
‘ആള് കൂടുന്നതും; സന്ന്യാസിമാർ നഗ്നത പ്രദർശിപ്പിക്കുന്നതുമായ പ്രാകൃത ഭാരത സംസ്ക്കാരം’എന്നതിനപ്പുറം മറ്റൊരറിവും അന്ന് ശ്രീ സഖാവിന് കുംഭമേളയേക്കുറിച്ച് ഇല്ല.ചെന്നുപെടുന്നത് മഹാസാഗരത്തിൽ. അപരിഷ്‌കൃതരായ ഈ വടക്കേ ഇന്ത്യക്കാർ ‘ ചെയ്യുന്നതു കണ്ട്,
കിടക്കാൻ കുറച്ച് വൈക്കോലും ചൂടിന് കത്തിച്ചുവെക്കാൻ ചാണക വരളിയും സംഘടിപ്പിക്കുന്നു.
തണുത്ത് ചാവാതിരിക്കാൻ അന്നാണ് ചാണകം ഒന്ന് തൊട്ടുനോക്കിയത് ഇദ്ദേഹം
അങ്ങനെ, കുംഭമേളയിൽ ഒളിഞ്ഞുകഴിഞ്ഞ ആ കാലം.കുംഭമേളയിൽ അലഞ്ഞുനടന്ന ആ കാലം.
എന്തൊരു സമാധാനം.എന്തൊരു തെളിച്ചം.നിന്ന ഭൂമിയുടെ പ്രത്യേകതയിൽ സഖാവ് ഉരുകിത്തുടങ്ങുകയാണ്.ചുറ്റും പടർന്നുനിന്ന സന്ന്യാസിമഹാവൃക്ഷങ്ങളുടെ തണലിൽകഴിഞ്ഞ നാളിൽ ഉള്ളിലുറങ്ങിക്കിടന്ന പരമ്പരയെ തട്ടിയുണർത്തി.
മുതുമുത്തശ്ശനും മുത്തിമാരും വന്ന്, ‘മോനേ….’എന്ന് അരുമയോടെ വിളിച്ചു.ഇറങ്ങി വാ’ എന്ന അവരുടെ വിളിയിൽ ഇളക്കം തട്ടിയ വിപ്ലവ പ്രതിഷ്ഠയുമായാണ് സലിൽ,മേളയും നാട്ടിലെ കലാപവും തീർന്ന് മടങ്ങുന്നത്.എന്നാൽ, യഥാർത്ഥ കലാപം മനസ്സിൽ ആരംഭിച്ചിരുന്നു.
ഇരിക്കപ്പൊറുതിയില്ല.’ഇതല്ല ശരി’ എന്ന തോന്നൽ.’മറ്റെന്തോ തേടാനുണ്ടെ’ന്ന ദാഹം.അങ്ങനെ, ഏതാനും വർഷങ്ങൾകൂടി..ഇതിനിടയിൽ കുംഭമേള എന്നത് ഒരാകർഷണമായി മനസ്സിൽ മാറിയിരുന്നു.
ഇതെന്താണ് എന്നറിയാനുള്ള കൗതുകത്തിൽ, നാസിക്കിൽ നടന്ന കുംഭമേളയിലും പ്രയാഗിൽ നടന്ന അർദ്ധ കുംഭമേളയിലും ഹരിദ്വാറിൽ നടന്ന കുംഭമേളയിലും പങ്കെടുത്തു.2010-ലെ ഹരിദ്വാർ കുംഭമേള.
ഇത്തവണ ഒളിഞ്ഞിരിക്കാനോ കറങ്ങി നടക്കാനോ അല്ല യാത്ര.
കുംഭമേളയുടെ ഉള്ളടുക്കുകളേക്കുറിച്ച് കൂടുതലറിയാൻ.അതിൽ അലിഞ്ഞില്ലാതാവാൻ.
ഒന്നിൽ തൊട്ടാൽ, അതിൻ്റെ അടപടലം മനസ്സിലാക്കിയേ അടങ്ങൂ എന്ന ത്വര ജൻമനാൽ ഉള്ള സലിൽ, ഈ സമയത്തിനുള്ളിൽ കുംഭമേള എന്താണെന്നും എന്തിനാണെന്നും മനസ്സിലാക്കിക്കഴിഞ്ഞിരുന്നു.
സന്ന്യാസരീതികളേക്കുറിച്ചും ശങ്കരാചാര്യരുടെ ദശനാമി സമ്പ്രദായത്തേക്കുറിച്ചും വിശദമായി മനസ്സിലാക്കി.കുംഭമേള നടക്കുന്ന സമയത്തിൻ്റെ ജ്യോതിഷപ്രകാരമുള്ള പ്രാധാന്യം പഠിച്ചു.
ഒരു പ്രത്യേക സമയത്ത് പ്രകൃതിയിൽ അമൃത് കലരുന്ന ഈ ഭൂമിയിൽ വന്നുനിൽക്കുന്നവരുടെ ശരീരത്തിൽ പ്രകൃതിയിൽ വരുന്ന മാറ്റങ്ങളേക്കുറിച്ച് ഗ്രഹിച്ചു.ഐതിഹ്യരീതിയിലും താന്ത്രികരീതിയിലും മാന്ത്രികരീതിയിലും സാധനാക്രമത്തിലും കുംഭമേളയെ അറിഞ്ഞു.അറിവിൻ്റെ ആഴം കണ്ടതും പിന്നെ
ഒന്നുമോർത്തില്ല;ആ കുംഭമേളയിൽ കാശികാനന്ദസ്വാമിയിൽനിന്നും മന്ത്രദീക്ഷ സ്വീകരിച്ചു.
ഗൃഹസ്ഥരും;ഈ പന്ഥാവിൽ ചരിക്കാൻ തീരുമാനിച്ച ഏവരും സ്വീകരിക്കുന്ന ആദ്യ ദീക്ഷാഘട്ടം.
സ്വാമി ആനന്ദവനത്തിലേയ്ക്കുള്ള യാത്ര ഇവിടെനിന്നും ആരംഭിക്കുകയാണ്.
മുൻസഖാക്കളെല്ലാം ‘സഖാവ് : സലിലി’നെ തെറിവിളിച്ചു.ഒറ്റുകാരൻ എന്നും ഓന്തെന്നും വിളിച്ചു.
കേരളവർമ്മയിലെ സഹമുറിയനായിരുന്ന പ്രവീണിനേപ്പോലെ, സലിലിൻ്റെ മനസ്സുതൊട്ട അപൂർവ്വം പേർ മാത്രം കൂടെ നിന്നു.മനസ്സിൽ സന്ന്യാസി ഇരിപ്പുറപ്പിച്ച സലിലിന് ആ കൂട്ടുപോലും ഇനി ആവശ്യമില്ലായിരുന്നുഎന്നതാണ് സത്യം .ജ്ഞാനം പുഴയെങ്കിൽ; എത്തുംവരെ എത്തട്ടെ, വരുംപോലെ വരട്ടെ എന്ന് തീരുമാനിച്ച മഹാത്മാക്കൾക്ക് ഇനി എന്ത് വ്യക്തിബന്ധം.
2018-ലെ പ്രയാഗ് രാജ് അർദ്ധകുംഭമേളയിൽ വെച്ച് സ്വാമി പൂർണ്ണദീക്ഷിതനായി.
സ്വാമി ആനന്ദവനം.
ഇപ്പോഴത്തെ 2025 ലെ കുംഭമേളയിൽ ;
അതായത്, 144 വർഷത്തിലൊരിയ്ക്കൽ നടക്കുന്ന മഹാകുംഭമേളയിൽ സ്വാമി ആനന്ദവനം ഭാരതി, മഹാമണ്ഡലേശ്വർ ആയി വാഴിയ്ക്കപ്പെടുന്നു.
ചുരുങ്ങിയ സമയംകൊണ്ടുതന്നെ സന്ന്യാസസമൂഹത്തിന് ഇദ്ദേഹത്തിലെ ജ്ഞാനവും കർമ്മതീക്ഷ്ണമായ തീപ്പൊരിയും ബോദ്ധ്യപ്പെട്ടെന്നു സാരം.ദക്ഷിണേന്ത്യയിൽ അഖാഡകളുടെ പ്രവർത്തനങ്ങൾ തുടങ്ങാനും
അവയെ ഏകോപിപ്പിച്ച് കാര്യക്ഷമമാക്കാനും ഭാരതത്തിനുവേണ്ടി എല്ലാ രീതിയിലും ജീവിതം ഉഴിഞ്ഞുവെയ്ക്കാനും ഏൽപ്പിച്ചിരിക്കുകയാണ് സന്ന്യാസിഗുരുക്കൾ.സന്ന്യാസിമാർക്ക് പച്ചവെള്ളം കൊടുക്കാത്ത കേരളത്തിൽ നിന്നുതന്നെ ഒരു മഹാമണ്ഡലേശ്വർ.ഭാരതത്തെ ഭാരതമായി നിലനിർത്തിയ ; എന്നാൽ, മലയാളി ബോധപൂർവ്വം മറന്ന; ആചാര്യനായ ശ്രീ ശങ്കരാചാര്യരുടെ നാട്ടിൽ നിന്നും ഒരു മഹാമണ്ഡലേശ്വർ.
ഒളിഞ്ഞിരിക്കാനായി എത്തിപ്പെട്ട ഭൂമിയ്ക്ക് വരെ ഒരു വ്യക്തിയിൽ ഇപ്രകാരം മാറ്റം വരുത്താൻ ആവുമെങ്കിൽ അന്വേഷിച്ചു ചെല്ലുന്നവരിൽ അത് എത്രമാത്രം പരിവർത്തനം നടത്തും എന്ന് ഓരോരുത്തരും സ്വയം ചിന്തിക്കുക.ഭാരതം എന്ന മഹാത്ഭുതത്തെ തൊട്ടറിയാൻ ചെറുപ്പക്കാരേ,
നിങ്ങൾ സ്വയം ഇറങ്ങിത്തിരിക്കുക.