അയ്യപ്പന്മാരെ പറ്റിച്ച അയ്യപ്പ സേവാ സംഘം: ഭരണക്കാരുടെ തമ്മിലടിയിൽ കോടതി ഇടപെടൽ

രണ്ടുവർഷമായി സേവാ സംഘം പ്രവർത്തിക്കുന്നില്ല

പതിറ്റാണ്ടുകളുടെ ചരിത്രമുള്ള ഒരു ആധ്യാത്മിക സന്നദ്ധ സേവാ സംഘമാണ് അഖില ഭാരത അയ്യപ്പ സേവാ സംഘം.കേരളത്തിൽ മാത്രമല്ല ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ശാഖകൾ ഉള്ള അയ്യപ്പ സേവാസംഘം യാതൊരു വ്യക്തി താൽപര്യവും ഇല്ലാതെ അയ്യപ്പന്മാരുടെ സേവനം മാത്രം ലക്ഷ്യമാക്കി പ്രവർത്തിച്ചിരുന്ന സംഘടനയാണ്. സമൂഹത്തിൽ സൽപേരും ആദരണീയതയും ഉള്ള പ്രമുഖരായ ആൾക്കാർ ആയിരുന്നു കുറേക്കാലം മുൻപ് വരെ അയ്യപ്പ സേവാ സംഘത്തെ നയിച്ചു കൊണ്ടിരുന്നത്. വലിയതോതിൽ സമ്പന്നരായ ഭക്തന്മാരുടെ സംഭാവനകൾ ലഭിച്ചിരുന്ന സംഘടനയ്ക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡും സർക്കാരും വലിയതോതിൽ സഹായങ്ങൾ നൽകിക്കൊണ്ടിരുന്നു.ശബരിമലക്കും പമ്പയ്ക്കും ഇടയിൽ നൂറുകണക്കിന് സന്നദ്ധ സേവകർ അയ്യപ്പന്മാരുടെ സഹായത്തിനായി പ്രവർത്തിച്ചിട്ടുണ്ട്.ഇതിനെല്ലാം നേതൃത്വം കൊടുത്തിരുന്നത് അയ്യപ്പ സേവാ സംഘം ആയിരുന്നു.എന്നാൽ കഴിഞ്ഞ രണ്ടു വർഷമായി അയ്യപ്പസേവ സംഘത്തിൻറെ ഭരണസമിതിയിൽ അധികാര തർക്കങ്ങൾ കടന്നു കൂടുകയും വലിയ തോതിലുള്ള പിടിവലികൾ ഉണ്ടാവുകയും ചെയ്തതോടുകൂടി ഈ സംഘത്തെ നയിച്ചിരുന്ന ആദരണീയരായ പലരും സേവാ സംഘത്തെ കയ്യൊഴിയുന്ന സ്ഥിതിയുണ്ടായി. എന്തായാലും ഭരണസമിതി പ്രവർത്തനരഹിതമായത് തിരിച്ചറിഞ്ഞതോടുകൂടി കേരള ഹൈക്കോടതി ഈ വിഷയത്തിൽ ഇടപെടുകയും സ്വമേധയാ കേസ് എടുത്ത് വിധി പറയുകയും ചെയ്തിരിക്കുകയാണ്. യഥാർത്ഥത്തിൽ ശബരിമലയിൽ എത്തുന്ന അയ്യപ്പന്മാർ നൽകുന്ന സംഭാവനകൾ കുമിഞ്ഞു കൂടിയതാണ് അധികാര തർക്കങ്ങൾക്ക് വഴിയൊരുക്കിയത് എന്ന ആരോപണം നിലനിൽക്കുന്നുണ്ട്. അയ്യപ്പ സേവാ സംഘത്തിന് കോടിക്കണക്കിന് രൂപയുടെ സംഭാവനകൾ ഉണ്ടായിരുന്നതായി ആണ് പറയപ്പെടുന്നത്.ഇപ്പോൾ അഖിലഭാരത അയ്യപ്പ സേവാ സംഘത്തിൻറെ പ്രവർത്തനങ്ങൾ ഹൈക്കോടതി നിയന്ത്രിച്ചിരിക്കുകയാണ്. മാത്രവുമല്ല ഒരു വർഷത്തിൽ അധികമായി ഭരണസമിതിക്കാർ തമ്മിലടിക്കുന്നത് മൂലം പ്രവർത്തനങ്ങൾ മരവിച്ചു പോയത് ബോധ്യമാവുകയും ചെയ്തു. ഇതിൻറെ അടിസ്ഥാനത്തിൽ പമ്പയ്ക്കും സന്നിധാനത്തിനും ഇടയ്ക്കുള്ള അയ്യപ്പ സേവാ സംഘത്തിൻറെ എല്ലാ കെട്ടിടങ്ങളും തിരുവിതാംകൂർ ദേവസ്വം ബോർഡിലേക്ക് കൈമാറുന്നതിന് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നു.

ഇത്തരത്തിൽ അഖില ഭാരത അയ്യപ്പ സേവാ സംഘത്തിൻറെ അവകാശത്തിൽ ആയിരുന്ന കെട്ടിടങ്ങൾ ഒഴുപ്പിച്ചെടുത്ത് ഈ കെട്ടിടങ്ങളിൽ മണ്ഡല മകരവിളക്ക് കാലത്ത് ഡ്യൂട്ടിക്ക് എത്തുന്ന ഉദ്യോഗസ്ഥർക്ക് താമസിക്കുവാൻ അവസരം ഒരുക്കണം എന്നാണ് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്.ശബരിമലയിൽ മണ്ഡല കാലത്തും മകരവിളക്കിലും ആയി ദശലക്ഷക്കണക്കിന് അയ്യപ്പഭക്തന്മാരാണ് എത്തുന്നത്. ഇത്തരത്തിൽ എത്തുന്ന അയ്യപ്പഭക്തന്മാർക്ക് സൗജന്യ ഭക്ഷണ വിതരണവും കുടിവെള്ള വിതരണവും ചികിത്സയ്ക്കുള്ള സൗജന്യ സൗകര്യങ്ങളും എല്ലാം അയ്യപ്പ സേവാ സംഘം വളരെ ഫലപ്രദമായി മുൻകാലങ്ങളിൽ ഒരുക്കിയിരുന്നതാണ്. ഇത്തരത്തിൽ വളരെ മികച്ച പ്രവർത്തനം നടത്തിയിരുന്ന അഖില ഭാരത അയ്യപ്പ സേവാ സംഘത്തിൻറെ ഭരണസമിതിയിലേക്ക് കടന്നുകയറാൻ ചിലർ ശ്രമിക്കുകയും മറ്റു ചിലർ അതിനെ എതിർക്കുകയും ചെയ്തതോടുകൂടിയാണ് സംഘം ഭരണസമിതിയിൽ തർക്കങ്ങളും ഏറ്റുമുട്ടലുകളും ഉണ്ടായത്. ഭരണസമിതിക്കാർ കോടതിയെ സമീപിച്ചു എങ്കിലും അതിന്മേൽ കാര്യമായ ഇടപെടൽ നടത്തുന്നതിന് കോടതിക്കും കഴിഞ്ഞില്ല ഇത്തരം സ്ഥിതി ഉണ്ടായപ്പോൾ ആണ് ഭരണസമിതികൾ നിശ്ചലമാവുകയും അവർക്ക് ഭരണത്തിലുള്ള അവകാശവും അധികാരവും ഇല്ലാതാവുന്ന സ്ഥിതിയും വന്നത്.

അയ്യപ്പഭക്തന്മാരും എല്ലാം സംസ്ഥാനങ്ങളിൽ നിന്നും അതുപോലെതന്നെ വിദേശങ്ങളിൽ നിന്നും ദർശനത്തിനായി എത്തിച്ചേരുന്ന ഭക്തന്മാർ താല്പര്യത്തോടെ വലിയ തുകകൾ സംഭാവന നൽകിയിരുന്ന പ്രസ്ഥാനമാണ് അഖിലഭാരത അയ്യപ്പ സേവാ സംഘം. ഇവരുടെ മുൻകാലങ്ങളിലെ പ്രവർത്തനങ്ങളാണ് ഇത്തരത്തിൽ സംഘത്തോട് ഭക്തജനങ്ങൾക്ക് താല്പര്യങ്ങൾ ഉണ്ടാകാൻ കാരണം. എന്നാൽ കോവിഡ് ബാധ മൂലം ശബരിമലയിൽ ഒരു വർഷത്തിലധികം അയ്യപ്പ ഭക്തന്മാർ എത്തിച്ചേരാതെ വന്നതും അതിനെ തുടർന്ന് ശബരിമലയിലെ സ്ത്രീ പ്രവേശനം സംബന്ധിച്ച് വലിയ സംഘർഷം ഉണ്ടായതും അയ്യപ്പ സേവാ സംഘത്തിൻറെ പ്രവർത്തനങ്ങളെ മരവിപ്പിച്ചിരുന്നു. ഇതേ തുടർന്നാണ് സംഘത്തിൻറെ പുതിയ ഭരണം സമിതി തെരഞ്ഞെടുക്കപ്പെടുന്ന സാഹചര്യം ഉണ്ടായതും മത്സരരംഗത്ത് വന്നവർ തമ്മിൽ തർക്കങ്ങൾ രൂപപ്പെട്ടതും. യഥാർത്ഥത്തിൽ അയ്യപ്പ സേവാ സംഘം നിർജീവമാകുന്ന അവസ്ഥ ഉണ്ടായതും എന്തുതന്നെ ആയാലും കഴിഞ്ഞ പതിറ്റാണ്ടുകൾ ഓളം ശബരിമല അയ്യപ്പ ഭക്തന്മാർക്ക് വലിയതോതിൽ സഹായങ്ങൾ നൽകി പ്രവർത്തിച്ചിരുന്ന ഒരു പ്രസ്ഥാനമാണ് അതിൻറെ ഭരണസമിതിയിൽ ഉണ്ടായ തർക്കങ്ങൾ മൂലം ഇപ്പോൾ പൂർണമായും നിലയ്ക്കപ്പെട്ട അവസ്ഥയിൽ എത്തിച്ചേർന്നിരിക്കുന്നത്. ഇതിൻറെ കാരണങ്ങൾ തേടിച്ചെന്നാൽ അഖില ഭാരത അയ്യപ്പ സേവാ സംഘത്തിൻറെ വലിയ തോതിലുള്ള സമ്പത്തും അത് കയ്യിട്ടുവാരുവാനുള്ള ചിലരുടെ രഹസ്യങ്ങളും വരെ പുറത്തുവരും എന്നാണ് പറയപ്പെടുന്നത്. ഏതായാലും ശബരിമല അയ്യപ്പ ഭക്തന്മാർക്ക് വലിയ വിഷമവും മനോവേദനയും ഉണ്ടാക്കുന്ന ഒരു സംഭവമായിട്ടാണ് അയ്യപ്പ സേവാ സംഘസംഘത്തിന്റെ അവസ്ഥ എത്തിച്ചേർന്നിരിക്കുന്നത്.