പേട്ടയില്‍ വിട് കുത്തിത്തുറന്ന് 11 പവന്‍ കവര്‍ച്ച ; മോഷ്ടാവിന്‍റെ സി.സി ടി.വി ദൃശ്യങ്ങള്‍ ലഭിച്ചു

തിരുവനന്തപുരം: പേട്ടയില്‍ വിട് കുത്തിത്തുറന്ന് 11 പവൻ കവര്‍ച്ചചെയ്ത കേസില്‍ വീട്ടിലെ സി.സി ടി.വി കാമറയില്‍ നിന്ന് മോഷ്ടാവിന്റെ ദൃശ്യം ലഭിച്ചു.

തൊപ്പിയുള്ള ബനിയനും മാസ്കും ധരിച്ച്‌ മുഖം മറച്ചെത്തിയ മോഷ്ടാവ് വരാന്തയില്‍ കയറി ജനാലവഴി വീടിനകത്ത് നോക്കിയ ശേഷം തിരിഞ്ഞു നടക്കുമ്ബോള്‍ കാമറ കണ്ട് പിന്മാറുന്നതായാണ് ദൃശ്യത്തില്‍ കാണുന്നത്.

പിന്നീട് പിൻഭാഗത്തെ ജനാലയുടെ കമ്ബികള്‍ തകര്‍ത്ത് അകത്തു കയറിയ മോഷ്ടാവ് കാമറ കണക്ഷൻ വിഛേദിച്ചശേഷമാണ് മോഷണം നടത്തിയത്. വിരലടയാളം പതിയാതിരിക്കാൻ കൈയുറയും ധരിച്ചിരുന്നു. കിടപ്പുമുറിയിലെ ഇരുമ്ബ് അലമാര കുത്തിപ്പൊളിച്ച്‌ ആഭരണങ്ങള്‍ മോഷ്ടിച്ച്‌ അടുക്കള വാതിലിലൂടെ രക്ഷപ്പെട്ടു.

ഒട്ടേറെ മോഷണങ്ങള്‍ നടത്തിയിട്ടുള്ള ആളാകാം പ്രതിയെന്ന് പേട്ട പൊലീസ് പറഞ്ഞു. മൂലവിളാകം ജംക്ഷനില്‍ ഐ.ഒ.സി മുൻ എക്സിക്യൂട്ടിവ് ഡയറകടര്‍ പ്രസാദ് മാധവ മോഹന്റെ വീട്ടില്‍ ശനി രാത്രിയിലായിരുന്നു മോഷണം. 5. 25 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണ- ഡയമണ്ട് ആഭരണങ്ങളാണ് കവര്‍ച്ച ചെയ്തത്. ശനിയാഴ്ച്ച ഉച്ചക്ക് വീട് പൂട്ടി പുറത്തുപോയ പ്രസാദും ഭാര്യയും ഞായറാഴ്ച ഉച്ചക്കാണ് മടങ്ങിയെത്തിയത്.