ബിഗ് ബോസ് വിജയിയെ പ്രഖ്യാപിച്ച് മോഹൻലാല്‍

തിരുവനന്തപുരം :  അത്യന്തം നാടകീയമായ മുഹൂര്‍ത്തങ്ങള്‍ക്കൊടുവിലാണ് വിജയിയെ മോഹൻലാല്‍ പ്രഖ്യാപിച്ചത്. ഷിജുവും ശോഭയും ജുനൈസും പുറത്തായതിന് ശേഷം മോഹൻലാലിനൊപ്പം വേദിയില്‍ ഉണ്ടായിരുന്ന റെനീഷയും അഖില്‍ മാരാരും ആകാംക്ഷയോടെ പ്രഖ്യാപനത്തിനായി കാത്തുനിന്നു ഇത്തവണത്തെ ഷോയുടെ തുടക്കം മുതലേ ജനപ്രീതിയില്‍ ഏറെ മുന്നില്‍ ഉണ്ടായിരുന്ന അഖില്‍ മാരാരുടെ കൈ പിടിച്ചു ഉയര്‍ത്തി ഒടുവില്‍ മോഹൻലാല്‍ വിജയിയെ പ്രഖ്യാപിക്കുകയും ചെയ്‍തു.

വളരെ ആരാധക പിന്തുണയുള്ള മത്സരാര്‍ഥിയായ അഖില്‍ മാരാർ വിജയിയാകുമ്പോള്‍ ആരാധകരുടെ പ്രതീക്ഷകള്‍ പോലെയാണ് ഇത്തവണത്തെ ബിഗ് ബോസില്‍ സംഭവിച്ചത്. എന്നാല്‍ അട്ടിമറി സംഭവിച്ചത് ശോഭയുടെ കാര്യത്തിലാണ് എന്നതില്‍ സംശയമില്ല. നാലാം സ്ഥാനത്തെ ശോഭയ്‍ക്ക് എത്താനായൂള്ളുവെന്നതില്‍ എന്തായാലും ആരാധകര്‍ നിരാശയിലാകും. ഷിജു പ്രതീക്ഷിച്ചതു പോലെ തന്നെ അഞ്ചാം സ്ഥാനത്താണ് എത്തിയത്.

ബിഗ് ബോസിലേക്ക് വരുന്നതിന് മുന്നേ തന്നെ പ്രശസ്‍തനായിരുന്നു അഖില്‍ മാരാര്‍. ‘ഒരു താത്വിക അവലോകന’മെന്ന സിനിമയുടെ സംവിധായകനായിട്ടാണ് അഖിലിനെ പ്രേക്ഷകര്‍ക്ക് പരിചയം. ചാനൽ ചർച്ചകളിലും സജീവ സാന്നിധ്യമായ അഖിൽ സ്വന്തം അഭിപ്രായം വ്യക്തമാക്കാൻ മടികാട്ടാത്ത ഒരു സിനിമാക്കാരൻ കൂടിയായിരുന്നു. അഖിൽ മാരാർ സാമൂഹ്യ മാധ്യമങ്ങളിലും സജീവമായിരുന്നു മാരാര്‍ ‘പേരറിയാത്തവര്‍’ എന്ന സിനിമയിൽ സഹ സംവിധായകനായും അഖില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.കൊല്ലം ഫാത്തിമ കോളജിൽ നിന്ന് അഖില്‍ ബിഎസ്‌സി മാത്ത്‍സ് ബിരുദം നേടുകയും പിന്നീട് മെഡിക്കൽ റെപ്പായി ജോലി നോക്കുകയും ചെയ്‍തു. പിന്നീട് അതുപേക്ഷിച്ച് കോട്ടാത്തലയിൽ ആൽകെമിസ്റ്റെന്ന പേരിൽ സ്വന്തമായി ജ്യൂസ് കട തുടങ്ങുകയും ചെയ്‍തിരുന്നു അഖില്‍ മാരാര്‍. എന്നാൽ, അവിടെയും അഖിൽ ഒതുങ്ങിയില്ല. പിഎസ്‍സി പരീക്ഷകൾ എഴുതി. വനംവകുപ്പിലും പോലീസിലും ജോലി ലഭിച്ചെങ്കിലും അതും വേണ്ടെന്ന് വെച്ചു. ഇടയ്ക്കു കൃഷിയിലേക്കു തിരിഞ്ഞതിനു ശേഷമാണ് അഖില്‍ എഴുത്തിന്റെയും സാംസ്‍കാരിക പ്രവര്‍ത്തനങ്ങളുടേയും വഴിയിലേക്കും സിനിമയിലേക്കും എത്തിയത്.