ലൈറ്റ് മെട്രോ പദ്ധതി; സമഗ്ര മൊബിലിറ്റി പ്ലാന്‍ തയ്യാറായി

തിരുവനന്തപുരം :  നഗരത്തിലെ മെട്രോ റെയില്‍ പദ്ധതിക്കായുള്ള സമഗ്ര മൊബിലിറ്റി പ്ലാന്‍ തയ്യാറായി.

ഏത് തരത്തില്‍ മെട്രോ സംവിധാനം വേണമെന്ന് ഈ പഠനത്തിലാണ് തീരുമാനിക്കുന്നത്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ 29-ന് ചേരുന്ന ഉന്നതതലയോഗം റിപ്പോര്‍ട്ട് പരിഗണിക്കും. തിരുവനന്തപുരം നഗരത്തിലെ ഗതാഗത പരിഷ്‌കരണത്തെക്കുറിച്ചുള്ള പഠനവും നടന്നിട്ടുണ്ട്.

ഭാവിയിലുണ്ടാകാനിടയുള്ള ഗതാഗത തിരക്ക് എങ്ങനെ കൈകാര്യം ചെയ്യണമെന്ന നിര്‍ദേശം റിപ്പോര്‍ട്ടിലുണ്ടാകും. ഇതിന്റെ അടിസ്ഥാനത്തിലാകും വിശദ പദ്ധതി രേഖ തയാറാക്കുക. 2015-ലാണ് തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളില്‍ ലൈറ്റ് മെട്രോ നിര്‍മിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

തിരുവനന്തപുരം, കോഴിക്കോട് മെട്രോകളുടെ നിര്‍മാണ ചുമതല കേരള റാപ്പിഡ് ട്രാന്‍സിസ്റ്റ് കോര്‍പ്പറേഷനാണ് ആദ്യം നല്‍കിയതെങ്കിലും പിന്നീട് കേന്ദ്ര നിര്‍ദേശ പ്രകാരം കൊച്ചി മെട്രോ റെയില്‍ കോര്‍പ്പറേഷന് കൈമാറുകയായിരുന്നു. കോഴിക്കോട് മെട്രോ റെയില്‍ സംബന്ധിച്ച പഠനം പൂര്‍ത്തീകരിച്ചിട്ടില്ല.