എസ്‌ഐയുടെ കൈ തല്ലിയൊടിച്ചു: മൂന്നുപേർ കൂടി അറസ്റ്റിൽ
കാസർകോട്: മഞ്ചേശ്വരം എസ്ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ മൂന്നുപേരെ അറസ്റ്റ് ചെയ്തു. ഉപ്പള പത്വാടിയിലെ നൂര്‍ അലി(42), ഉപ്പള ഹിദായത്ത് നഗറിലെ ഫ്ളാറ്റില്‍ താമസിക്കുന്ന അഫ്സല്‍(38), കെഎസ് സത്താര്‍(37) എന്നിവരെയാണ് മഞ്ചേശ്വരം പോലീസ് അറസ്റ്റ് ചെയ്തത്. നൂര്‍ അലി വര്‍ഷങ്ങള്‍ക്ക് മുൻപ് തലപ്പാടിയില്‍വെച്ച് ഖാലിയ റഫീഖിനെ വെട്ടിയും വെടിവെച്ചും കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ്. രണ്ടാഴ്ച മുൻപ് രാത്രികാല പരിശോധനക്കായി എത്തിയ മഞ്ചേശ്വരം എസ്ഐ അനൂപിനെയും മറ്റ് പോലിസുകാരെയും അഞ്ചംഗ സംഘം അക്രമിക്കുകയായിരുന്നു. എസ്ഐ അനൂപിൻ്റെ വലതുകൈയെല്ല് പൊട്ടിയ നിലയില്‍ ഇപ്പോഴും കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഈ കേസില്‍ ജില്ലാ പഞ്ചായത്തംഗവും മുസ്ലിം യൂത്ത് ലീഗ് ജില്ലാ സെക്രട്ടറിയുമായ ഗോള്‍ഡന്‍ റഹ്മാനെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. റിമാൻഡിലായിരുന്ന റഹ്മാന് പിന്നീട് ജാമ്യം ലഭിച്ചു.