മോഹൻലാൽ രാജിക്കത്ത് നൽകി.

വഴിമുട്ടി താരസംഘടനയായ അമ്മ.

മലയാള സിനിമയിലെ താരങ്ങളുടെ സംഘടനയായ അമ്മ ഒരുതരത്തിലും മുന്നോട്ട് നീങ്ങാൻ കഴിയാത്ത പ്രതിസന്ധികളിൽ പെട്ടിരിക്കുകയാണ്..പ്രമുഖരായ നടന്മാരുടെ പേരിൽ ഉയർന്നു വന്നിട്ടുള്ള ലൈംഗിക ആരോപണങ്ങളാണ് സംഘടനയെ തകർത്തിരിക്കുന്നത്.പരാതി ഉയർന്നതിന്റെ പേരിൽ ഭാരവാഹിത്വത്തിൽ ഉണ്ടായിരുന്ന സിദ്ദിഖ് രാജിവച്ചു.മറ്റൊരു നടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ചലച്ചിത്ര അക്കാദമിയുടെ ചെയർമാനായ രഞ്ജിത്ത് രാജിവച്ചു.ഇപ്പോൾ വന്നുകൊണ്ടിരിക്കുന്ന സിനിമ മേഖലയിലെ നടികളുടെ ലൈംഗിക പരാതികൾ മറ്റുപല പ്രമുഖരെയും മലർത്തിയടിക്കുന്ന സ്ഥിതിയിലേക്ക് എത്തുകയാണ്.അമ്മ സംഘടനയുടെ ഇപ്പോഴത്തെ പ്രസിഡണ്ടും മലയാളത്തിലെ സൂപ്പർ സ്റ്റാറും ആയ മോഹൻലാൽ പ്രസിഡണ്ട് പദം രാജിവെച്ചുകൊണ്ട് കത്ത് കൈമാറിയതായി റിപ്പോർട്ട് ഉണ്ട്.സംഘടനയുടെ നിയമാവലി പ്രകാരം പ്രസിഡണ്ടിന്റ രാജിക്കത്ത് മറ്റൊരു ഭാരവാഹിക്ക് കൈമാറാൻ കഴിയില്ല.സംഘടനയുടെ എക്സിക്യൂട്ടീവിന്റെ യോഗം വിളിച്ചു അവിടെയാണ് രാജി പ്രഖ്യാപിക്കേണ്ടത്.എന്നാൽ പല താരങ്ങളും പ്രത്യക്ഷത്തിൽ വരാതെ മുങ്ങി ഇരിക്കുന്നതിനാൽ എക്സിക്യൂട്ടീവ് വിളിച്ചുചേർക്കാൻ കഴിയാത്ത സ്ഥിതിയിലാണ് സംഘടന ഇപ്പോൾ നിൽക്കുന്നത്.ഒരുതരത്തിലും മുന്നോട്ട് പോകാൻ കഴിയില്ല എന്ന വ്യക്തമായപ്പോൾ പ്രസിഡണ്ടായ മോഹൻലാൽ രാജിയുടെ തീരുമാനം കൈക്കൊണ്ടു എന്നാണ് അറിയുന്നത്.മലയാള സിനിമ തറവാട്ടിലെ ഇപ്പോഴത്തെ കാരണവരും അമ്മ സംഘടനയിലെ മുതിർന്ന താരവും ആയ മമ്മൂട്ടിക്ക് മോഹൻലാൽ രാജിക്കത്ത് കൈമാറിയത് ആയിട്ടാണ് അറിയുന്നത്.എന്നാൽ രാജി അംഗീകരിക്കുന്നതിന് മമ്മൂട്ടിയെ കൊണ്ട് കഴിയില്ല.ഈ സാഹചര്യത്തിൽ സംഘടനയുടെ എക്സിക്യൂട്ടീവ് കൂടുന്നത് വരെ രാജിക്കത്ത് പ്രാബല്യത്തിൽ വരുത്താതെ മരവിപ്പിച്ചു വെക്കാനാണ് മമ്മൂട്ടി നിർദ്ദേശിച്ചത് എന്നും അറിയുന്നുണ്ട്.

ഇപ്പോൾ നടികൾ ഉൾപ്പെടെയുള്ള സിനിമ മേഖലയിലെ സ്ത്രീകൾ ഉയർത്തി കൊണ്ടിരിക്കുന്ന ലൈംഗിക പീഡന പരാതികൾ ഇനിയും പലതും പുറത്തു വരും എന്നാണ് അറിയുന്നത്.ഒരു കാലത്ത് സ്ത്രീ വിഷയത്തിൽ വലിയ താൽപര്യം കാണിച്ചിരുന്ന മോഹൻലാലും മൗനം തുടരുന്നത് ഭയം കൊണ്ടാണ് എന്നും അറിയുന്നുണ്ട്. മോഹൻലാലിൻറെ പേര് പറഞ്ഞു കൊണ്ട് ലൈംഗിക പീഡന പരാതിയുമായി പലരും വരും എന്ന ഭയപ്പാടാണ് അദ്ദേഹത്തിന് ഉള്ളത്.അതുകൊണ്ട് തന്നെയാണ് സംഘടനയുടെ യോഗം പോലും വിളിച്ചു കൂട്ടുവാൻ തയ്യാറാകാതെ മോഹൻലാൽ മടിച്ചു നിൽക്കുന്നത്.ഇതിനിടയിൽ പ്രമുഖ നടനും മുകേഷിന്റെ പേരിൽ ഒന്നിൽ കൂടുതൽ സ്ത്രീകൾ പരാതികളും ആയി എത്തിയിരിക്കുകയാണ്.നടൻ മുകേഷ് എം എൽ എ പദവി രാജിവെക്കണം എന്ന ആവശ്യവും ഉയർന്നു കഴിഞ്ഞു.മുകേഷിന്റെ വിഷയത്തിലാണ് സിനിമ മേഖലയിൽ മാത്രമല്ല രാഷ്ട്രീയ മേഖലയിലും വലിയ ചർച്ചകൾ നടന്നുവരുന്നത്.മുകേഷ് ഒരു രാഷ്ട്രീയക്കാരൻ അല്ല എന്നും സിപിഎം സ്ഥാനാർഥിയായി രണ്ടുവട്ടം എം എൽ എ ആയ മുകേഷ് പാർട്ടിക്കുവേണ്ടി ഒന്നും ചെയ്തിട്ടില്ല എന്നും ആരോപിച്ചുകൊണ്ട് പാർട്ടിയുടെ ചില നേതാക്കളും രംഗത്ത് വന്നിട്ടുണ്ട്. മുകേഷിനെ ന്യായീകരിക്കുകയോ പിന്താങ്ങുകയോ ചെയ്യുന്നത് പാർട്ടിക്ക് ദോഷം ഉണ്ടാക്കും എന്ന് അഭിപ്രായവും ഈ നേതാക്കൾ ഉയർത്തുന്നുണ്ട്.

ജനറൽ സെക്രട്ടറിയായിരുന്ന നടൻ സിദ്ദിഖ് പദവി രാജിവച്ചപ്പോൾ താൽക്കാലിക ചുമതല ഏൽപ്പിച്ച ബാബുരാജ് എന്ന നടൻറെ പേരിലും ലൈംഗിക പീഡന പരാതി ഉയർന്നത് വലിയ പ്രതിസന്ധി ഉണ്ടാക്കിയിരിക്കുകയാണ്.മാത്രവുമല്ല മുൻ ജനറൽ സെക്രട്ടറി ഇടവേള ബാബു…. അതുപോലെതന്നെ മണിയൻപിള്ള രാജു തുടങ്ങിയ ആൾക്കാരും ആരോപണ വിധേയരായി നിൽക്കുകയാണ്.ഈ നിലയ്ക്ക് മുന്നോട്ടു പോയാൽ താര സംഘടനയായ അമ്മയെ നയിക്കുന്ന നിലവിലെ ഭാരവാഹികൾ എല്ലാം പുറത്തു പോകേണ്ട സ്ഥിതിയുണ്ടാകും എന്നാണ് വിലയിരുത്തപ്പെടുന്നത്.

 

മലയാള ചലച്ചിത്ര മേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രതിസന്ധികൾ പരിഹരിക്കുന്നതിന് മുന്നോട്ടുവന്ന ഡബ്ലിയു സി സി എന്ന സംഘടന ഇപ്പോൾ കാര്യമായ ഇടപെടൽ നടത്തിക്കൊണ്ടിരിക്കുകയാണ്.താര സംഘടനയെ കയ്യടക്കി വെച്ചിരുന്ന ഭാരവാഹികൾ എല്ലാം കുറ്റക്കാരായി മാറുന്ന സ്ഥിതി വന്നതോടുകൂടി ഈ സ്ത്രീ സംഘടനയുടെ സാന്നിധ്യം ഗൗരവകരമായി സിനിമാലോകം കാണുന്നുണ്ട്.അമ്മയുടെ നേതൃനിരയിൽ സ്ത്രീകളെ കൂടുതൽ ഉൾപ്പെടുത്തുക എന്ന ആവശ്യം ഡബ്ലിയു സി സി മുന്നോട്ടുവച്ചു കഴിഞ്ഞു. നിലവിൽ നിഷ്പക്ഷമായ നിലപാട് സ്വീകരിക്കുകയും പരാതിക്കാരായി വന്ന നടികളുടെ ആരോപണങ്ങൾ കൃത്യമായ അന്വേഷണം നടത്തി കുറ്റക്കാരെ ശിക്ഷിക്കാൻ നടപടിയെടുക്കണം എന്ന ആദ്യമായി തുറന്നു പറഞ്ഞ ജഗദീഷ് എന്ന നടൻറെ പേരാണ് ഇപ്പോൾ വലിയ ചർച്ചയായി ഉയർന്നിട്ടുള്ളത്.തൽക്കാലത്തേക്ക് എങ്കിലും ഇപ്പോൾ വൈസ് പ്രസിഡണ്ട് ആയ ജഗദീഷിന് പ്രസിഡണ്ടായി നിയോഗിച്ചുകൊണ്ട് ജനറൽ സെക്രട്ടറിയായി പ്രാപ്തിയുള്ള ഒരു നടിയെ നിയോഗിച്ചുകൊണ്ടും സംഘടനയെ മുന്നോട്ടുകൊണ്ടുപോകണം എന്ന ആവശ്യമാണ് ഇപ്പോൾ ഉയർന്നിരിക്കുന്നത്.

സർക്കാർ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്ന ശേഷമാണ് താര സംഘടനയായ അമ്മ തകർച്ചയിലേക്ക് വീണത്.സംഘടനയെ നയിക്കുന്നവർ തന്നെ ക്രിമിനലുകളും കുറ്റക്കാരും ആയി മാറുന്ന സാഹചര്യം വലിയ പ്രതിസന്ധിയാണ് സംഘടനയ്ക്ക് വരുത്തിയിരിക്കുന്നത്.മാത്രവുമല്ല ഇനിയും പല സിനിമ പ്രവർത്തകരായ സ്ത്രീകളും തങ്ങളുടെ ലൈംഗിക പീഡന പരാതികളും ആയി രംഗത്തുവരും എന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.ഇനിയും ഈ അവസ്ഥ തുടർന്നാൽ അമ്മയെന്ന താരസംഘടനയിലെ പ്രമുഖരായ എല്ലാരും ജയിലിൽ പോകുന്ന അവസ്ഥയുണ്ടാകും എന്ന ഭയപ്പാടും പൊതുവേ ഉണ്ട്.വർഷങ്ങൾക്കു മുമ്പ് ഹേമ കമ്മിറ്റി രൂപീകരിക്കുന്നതിന് ഇടവരുത്തിയ പ്രമുഖ നടിയെ തട്ടിക്കൊണ്ടുപോയ കേസിൽ കുറ്റക്കാരനായി മാറിയ നടൻ ദിലീപ് മൂന്ന് മാസത്തിലധികം ജയിലിൽ കിടക്കേണ്ടി വന്ന സ്ഥിതിയും സമൂഹം മറന്നിട്ടില്ല. അതുകൊണ്ടുതന്നെ ഇപ്പോഴത്തെ അവസ്ഥ ഇതേ രീതിയിൽ മുന്നോട്ടു പോവുകയും നിലവിൽ സർക്കാർ രൂപീകരിച്ച അന്വേഷണ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്ത് പുരുഷതാരങ്ങളെ അറസ്റ്റ് ചെയ്യുന്ന നടപടിയിലേക്ക് നീങ്ങുകയും ചെയ്താൽ അമ്മ എന്ന സംഘടനയുടെ പ്രവർത്തനം തന്നെ നിലയ്ക്കുന്ന സാഹചര്യം ഉണ്ടായേക്കാം.ഏതായാലും മലയാള സിനിമയിലെ കാലങ്ങളായി നിലനിൽക്കുന്ന പുരുഷ ആധിപത്യവും ലൈംഗിക പീഡനങ്ങളും അവസാനിപ്പിക്കാൻ വന്നുചേർന്നിട്ടുള്ള ഒരു അനുകൂല സാഹചര്യമാണ് ഹേമ കമ്മിറ്റി റിപ്പോർട്ടിലൂടെ ഉണ്ടായിരിക്കുന്നത്.റിപ്പോർട്ടും തുടർനടപടികളും ന്യായീകരിച്ചുകൊണ്ട് കുറ്റം ചെയ്ത ആൾ എത്ര പ്രമുഖൻ ആയാലും ശിക്ഷയ്ക്ക് വിധേയനാകണം എന്ന് പ്രഖ്യാപിച്ചുകൊണ്ട് നടൻ പൃഥ്വിരാജ് രംഗത്ത് വന്നതും ഒരു സവിശേഷതയായി കാണാവുന്നതാണ്.ഏതായാലും ചലച്ചിത്ര ലോകം അടക്കിവാണ തമ്പുരാക്കന്മാരുടെ കാലം അവസാനിക്കുന്നു എന്നും താരസംഘടനയായ അമ്മയെ നയിക്കാൻ പുതിയ തലമുറ നേതൃത്വം രംഗത്തുവരും എന്നും പ്രതീക്ഷിക്കാവുന്ന കാര്യങ്ങളാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്.