ഇലക്‌ട്രിക് ബസില്‍ കേരളം മനംമാറ്റുമോ

പുതിയ പദ്ധതി ഉടൻ നടപ്പിലാകും

രാജ്യത്തെ പ്രമുഖ നഗരങ്ങളില്‍ സൈക്കിള്‍ ട്രാക്കും നടപ്പാതയും ഇലക്‌ട്രിക് ബസുകളും ഉള്‍പ്പെടെ വൻ അടിസ്ഥാന വികസന പദ്ധതികള്‍ വരുന്നു.അടുത്ത വർഷം ആരംഭിക്കുന്ന പദ്ധതിയില്‍ സംസ്ഥാനത്തെ അഞ്ച് ജില്ലകളിലെ പ്രധാന നഗരങ്ങളും ഉള്‍പ്പെടും. സ്വകാര്യ വാഹനങ്ങളേക്കാള്‍ പൊതു ഗതാഗതത്തെ ആശ്രയിക്കാൻ ജനങ്ങളെ പ്രേരിപ്പിച്ച്‌ കാർബണ്‍ ബഹിർഗമനം കുറയ്ക്കാനുമാണ് പദ്ധതി നടപ്പാക്കുന്നത്.ഭാരത് അർബൻ മെഗാബസ് മിഷൻ എന്ന് പേരുള്ള പദ്ധതിയില്‍ ഒരു ലക്ഷം ഇലക്‌ട്രിക് ബസുകളാണ് വിവിധ സംസ്ഥാനങ്ങളിലെത്തുക. ഒന്നേമുക്കാല്‍ ലക്ഷം കോടി രൂപ മുതല്‍ മുടക്കില്‍ നടപ്പാക്കുന്ന പദ്ധതിയില്‍ ആധുനിക ബസ് സ്റ്റോപ്പുകളും ബസ് ടെർമിനലുകളും ബസ് ഡിപ്പോകളും ഉള്‍പ്പെടുന്നു. അയ്യായിരം കിലോമീറ്റർ നീളമുള്ള സൈക്കിള്‍ ഓടിക്കാവുന്ന സംവിധാനങ്ങളും ആധുനിക നടപ്പാതകളും പ്രധാന റോഡുകളുടെ ഭാഗമായുണ്ടാകും. പദ്ധതി അടുത്ത വർഷം ആരംഭിക്കാനാണ് ലക്ഷ്യം.
തുടർന്നുവരുന്ന അഞ്ചുവർഷത്തിനകം പൂർത്തിയാക്കും.

പത്ത് ലക്ഷത്തിലധികം ജനസാന്ദ്രതയുള്ള നഗരങ്ങളിലാണ് വികസന പദ്ധതികള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. രാജ്യത്ത് ആറരക്കോടി നഗരങ്ങളെയാണ് സൈക്കിള്‍ ട്രാക്കും നടപ്പാതകളുമുള്‍പ്പെടെ വിവിധ പദ്ധതികള്‍ക്കായി പരിഗണിക്കുന്നത്. സൈക്കിള്‍ വാടകയ്ക്ക് നല്‍കുന്ന സംവിധാനവും ഇതിനൊപ്പം നടപ്പാക്കുന്നുണ്ട്. കേരളത്തില്‍ തിരുവനന്തപുരത്തിനു പുറമേ കൊച്ചി, മലപ്പുറം, കോഴിക്കോട്, കൊല്ലം എന്നീ നഗരങ്ങളും പരിഗണിക്കപ്പെടുന്നുണ്ട്.തിരുവനന്തപുരം നഗരപരിധിയില്‍ 29 ലക്ഷം ജനസാന്ദ്രതയുണ്ടെന്നാണ് കണക്ക്. കൊച്ചിയില്‍ 35 ലക്ഷവും കോഴിക്കോട്ട് 42 ലക്ഷവും മലപ്പുറത്ത് 41 ലക്ഷവും കൊല്ലത്ത് 21 ലക്ഷവുമാണ് ജനസാന്ദ്രതയെന്നാണ് കണക്കുകള്‍. പദ്ധതി നിലവില്‍ വരുന്നതോടെ സംസ്ഥാനങ്ങളില്‍ 60 ശതമാനവും പൊതുഗതാഗതത്തിന്റെ ഭാഗമാകും. 2036ഓടെ ഇത് 80 ശതമാനവും, സൈക്കിള്‍ യാത്രികരുടെയും കാല്‍നടക്കാരുടെയും എണ്ണം 2030ഓടെ 50 ശതമാനവുമായി ഉയർത്താമെന്നുമാണ് പ്രതീക്ഷ.

ജനങ്ങളില്‍ സൈക്കിള്‍ യാത്രയോട് കൂടുതല്‍ ആഭിമുഖ്യമുണ്ടാക്കുക, ആരോഗ്യ സംരക്ഷണം എന്ന ലക്ഷ്യവും ഇതിനു പിന്നിലുണ്ട്. നഗരങ്ങളിലെ 56 ശതമാനം റോഡുകളും അഞ്ചുകിലോമീറ്ററോ അതില്‍ കുറവോ ആണെന്ന് കേന്ദ്ര നഗരവികസന മന്ത്രാലയം കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ ചില റോഡുകളില്‍ വാഹനഗതാഗതം നിരോധിച്ച്‌ സൈക്കിള്‍-കാല്‍നട യാത്ര മാത്രമാക്കുകയും ചെയ്യും.ഇലക്‌ട്രിക് ബസുകളോട് ഗതാഗത മന്ത്രിയുള്‍പ്പെടെ അയിത്തം കല്‍പിച്ചാല്‍ കേന്ദ്ര പദ്ധതി കേരളത്തില്‍ നടപ്പാകില്ല.കഴിഞ്ഞ വർഷം നടപ്പാക്കിയ പി.എം ഇ-ബസ് സേവ പ്രകാരം സംസ്ഥാനങ്ങള്‍ക്ക് പതിനായിരം ഇലക്‌ട്രിക് ബസുകള്‍ വിതരണം ചെയ്യാനുള്ള പദ്ധതിയില്‍ നിന്ന് കേരളം പിൻമാറിയിരുന്നു.മറ്റ് സംസ്ഥാനങ്ങളില്‍ കേന്ദ്രത്തില്‍ നിന്നു ലഭിച്ച ഇലക്‌ട്രിക് ബസുകള്‍ ഓടിത്തുടങ്ങിയിട്ടുണ്ട്. മൂന്നു ലക്ഷം ജനസാന്ദ്രതയുള്ള നഗരങ്ങള്‍ക്കായാണ് ഈ പദ്ധതി നടപ്പാക്കിയത്.