എവിടെ ആയിരുന്നാലും ഏതു നേരത്തും ജനങ്ങൾക്കിടയിൽ മാത്രം കണ്ടിരുന്ന ഒരു നേതാവ് കേരളത്തിൽ ഉണ്ടായിരുന്നു. ആർക്കും ഏതു നേരത്തും ചെന്ന് കാണുവാൻ കഴിയുമായിരുന്ന ആ നേതാവിന്റെ പേര് ഉമ്മൻചാണ്ടി എന്നായിരുന്നു. ഒന്നരവർഷം മുൻപ് അദ്ദേഹം വിടപറഞ്ഞ ശേഷം അദ്ദേഹത്തിൻറെ പിൻഗാമിയായി കടന്നുവന്ന ആളാണ് മകനായ ചാണ്ടി ഉമ്മൻ.ഉമ്മൻചാണ്ടിയുടെ അപ്രതീക്ഷിത വേർപാടിനു ശേഷം അര നൂറ്റാണ്ടോളം അദ്ദേഹം പ്രവർത്തിച്ച പുതുപ്പള്ളി നിയോജക മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് ഉണ്ടായി. ഈ തെരഞ്ഞെടുപ്പിൽ ആരായിരിക്കണം കോൺഗ്രസ് സ്ഥാനാർഥി എന്ന കാര്യത്തിൽ ഒരു കോൺഗ്രസ് നേതാവിനും സംശയം ഉണ്ടായിരുന്നില്ല. അത് ഉമ്മൻചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ എന്ന ചെറുപ്പക്കാരന്റെ പേര് ആയിരുന്നു. അങ്ങനെയാണ് പുതുപ്പള്ളിയിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെയും യുഡിഎഫിന്റെയും സ്ഥാനാർഥിയായി ചാണ്ടി ഉമ്മൻ കടന്നുവന്നത്. ആ ഉപതിരഞ്ഞെടുപ്പിൽ കേരളത്തിലെ ഏറ്റവും വലിയ ജനകീയനായ നേതാവ് എന്നറിയപ്പെട്ടിരുന്ന ഉമ്മൻചാണ്ടി നേടിയിട്ടുള്ള ഭൂരിപക്ഷത്തെ പോലും മറികടന്നു കൊണ്ടാണ് ചാണ്ടി ജയിച്ചു വന്നത്. ആ വമ്പൻ ഭൂരിപക്ഷത്തിന് പിന്നിൽ ചാണ്ടി ഉമ്മൻ്റെ മഹത്വം ആയിരുന്നില്ല. പുതുപ്പള്ളിക്കാർ സ്വന്തം കുടുംബനാഥനെ പോലെ കണ്ടിരുന്ന ഉമ്മൻചാണ്ടി എന്ന നേതാവിന്റെ മകൻ എന്ന പരിഗണനയിലാണ് ചാണ്ടി ഉമ്മന്റെ വിജയത്തിനായി അവിടുത്തെ ജനങ്ങൾ ഒരുമിച്ച് വോട്ട് ചെയ്തത്. അങ്ങനെ ഉമ്മൻചാണ്ടിയുടെ മകനായ ചാണ്ടി ഉമ്മൻ പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ ജനങ്ങളുടെ പ്രതിനിധിയായി നിയമസഭയിൽ എത്തി.
നിയമസഭാംഗമായി മാറിക്കഴിഞ്ഞ ചാണ്ടി ഉമ്മൻ എന്തിന്റെയൊക്കെയോ പേരിൽ സ്വന്തം പാർട്ടി നേതാക്കളിൽ നിന്നും അകലുന്ന കാഴ്ചയാണ് പിന്നീട് കേരളം കണ്ടത്. മാത്രവുമല്ല ഉമ്മൻചാണ്ടിയിൽ മരിച്ച ശേഷം ഒന്നാം ചരമ വാർഷിക ദിനത്തിൽ തിരുവനന്തപുരത്ത് നടന്ന അനുസ്മരണ സമ്മേളനത്തിൽ കോൺഗ്രസ് പ്രവർത്തകരെയും നേതാക്കളെയും അമ്പരപ്പിച്ചുകൊണ്ട് മുഖ്യമന്ത്രിയായ പിണറായി വിജയനെ വാനോളം പുകഴ്ത്തിയ ചാണ്ടി ഉമ്മൻ്റെ വാക്കുകൾ വലിയ ചർച്ചയായി മാറിയിരുന്നു. പാർട്ടിയുടെ ആഭിമുഖ്യത്തിൽ ഉമ്മൻചാണ്ടി അനുസ്മരണം നടത്തുന്നതിന് നീക്കങ്ങൾ നടക്കുന്നതിനിടയിലാണ് മകനായ ചാണ്ടി ഉമ്മൻ സ്വന്തമായി തട്ടിക്കൂട്ടിയ ഉമ്മൻചാണ്ടി ഫൗണ്ടേഷൻ ആഭിമുഖ്യത്തിൽ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചത് ഇതും കോൺഗ്രസ് നേതാക്കളിൽ വലിയ എതിർപ്പ് ഉണ്ടാക്കി.
യൂത്ത് കോൺഗ്രസിൻറെ പ്രവർത്തകനായി നിലയുറപ്പിച്ചു കൊണ്ടാണ് ഉമ്മൻചാണ്ടി ജീവനോടെയിരുന്ന കാലങ്ങളിൽ മകനായ ചാണ്ടി ഉമ്മൻ പ്രവർത്തിച്ചിരുന്നത്. കാര്യമായ സ്ഥാനമാനങ്ങൾ ഒന്നും അദ്ദേഹത്തിന് ലഭ്യമായിരുന്നില്ല. എന്നാൽ കേരളത്തിലെ ജനങ്ങളുടെ മനസ്സുകളിൽ ഒരിക്കലും മായാതെ നിൽക്കുന്ന മുഖം ഉമ്മൻചാണ്ടി എന്ന നേതാവിന്റേതാണ് എന്ന തിരിച്ചറിവ് കോൺഗ്രസിന്റെ മുഴുവൻ ആൾക്കാർക്കും അറിയാവുന്നതാണ്. അതുകൊണ്ടുതന്നെയാണ് ഉമ്മൻചാണ്ടിയുടെ വേർപാടിന് ശേഷം മകനെ പുതുപ്പള്ളിയിൽ സ്ഥാനാർത്ഥിയാക്കാൻ പാർട്ടി തീരുമാനം എടുത്തത്.ജനപ്രതിനിധിയായി മാറിയ ചാണ്ടി ഉമ്മൻ സ്വമേധയാ തന്നെ ജനങ്ങൾക്കിടയിൽ നിന്നും ഒതുങ്ങുന്ന കാഴ്ചയാണ് പിന്നീട് കണ്ടിരുന്നത്. ഏതു നേരത്തും സ്വന്തം നാട്ടുകാരുടെ ഇടയിൽ നിന്നിരുന്ന ഉമ്മൻചാണ്ടി എന്ന നേതാവിന്റെ ഓർമ്മകൾ നിറഞ്ഞുനിൽക്കുന്ന പുതുപ്പള്ളിക്കാരുടെ മനസ്സിന് വേദനയുണ്ടാക്കുന്ന പ്രവർത്തനശൈലിയാണ് ചാണ്ടി ഉമ്മൻ തുടർന്നത്. ഉമ്മൻചാണ്ടി എന്ന നേതാവിനെ ഇപ്പോഴും എല്ലാമെല്ലാമായി കാണുന്ന പുതുപ്പള്ളിയിലെ നാട്ടുകാർക്ക് പക്ഷേ ഉള്ളിന്റെ ഉള്ളിൽ ഉമ്മൻചാണ്ടിയുടെ കുടുംബത്തിനോട് ഒരു പ്രതിഷേധം നിറഞ്ഞു നിൽക്കുന്നുണ്ട്. അത് മറ്റൊന്നും അല്ല രോഗബാധിതനായ ഉമ്മൻചാണ്ടിയെ രോഗം മാറുന്നതിന് ഫലപ്രദമായി നൽകേണ്ട ചികിത്സകൾ നടത്താതിരിക്കുകയും കുടുംബാംഗങ്ങൾ വിശ്വസിച്ചിരുന്ന ദൈവത്തിൻറെ പ്രാർത്ഥന വഴി രോഗം മാറും എന്ന വിശ്വാസത്താൽ ഉമ്മൻചാണ്ടിയെ മെഡിക്കൽ ചികിത്സയിൽ നിന്നും അകറ്റി എന്ന വാർത്തയും വലിയ വിവാദം ഉണ്ടാക്കിയിരുന്നു. ഉമ്മൻചാണ്ടി നേതാവിന്റെ അടുത്ത ബന്ധു തന്നെയാണ് രോഗബാധിതനായി ഉമ്മൻചാണ്ടി കഴിയുന്ന അവസരത്തിൽ അദ്ദേഹത്തിന് കുടുംബാംഗങ്ങൾ വിദഗ്ധ ചികിത്സ നിഷേധിച്ചിരിക്കുന്നു എന്ന പരസ്യമായി പറഞ്ഞുകൊണ്ട് രംഗത്ത് വന്നത്.
ഏതായാലും പുതുപ്പള്ളി കാർക്ക് മാത്രമല്ല ഉമ്മൻചാണ്ടിയെ ഇന്നും മനസ്സിൽ കൊണ്ടുനടക്കുന്ന കേരളത്തിലെ മുഴുവൻ കോൺഗ്രസ് പ്രവർത്തകർക്കും ചാണ്ടി ഉമ്മൻ എന്ന ഉമ്മൻചാണ്ടിയുടെ പിൻഗാമിയെ പറ്റി നല്ലതല്ലാത്ത ചിന്തകൾ ഉണ്ട് എന്നത് വസ്തുതയാണ്. ഉമ്മൻചാണ്ടി എന്ന നേതാവിൻറെ ജനങ്ങൾക്കിടയിൽ ഉള്ള നല്ല അഭിപ്രായം പോലും ഇല്ലാതാക്കുന്ന പ്രവർത്തന ശൈലിയാണ് ചാണ്ടി ഉമ്മൻ തുടരുന്നത് എന്ന പരാതിയും ഉയർന്നുകൊണ്ടിരിക്കുന്നു.നിയമസഭാംഗം ആണെങ്കിലും ചാണ്ടി ഉമ്മൻ ഒളിവിൽ കഴിയുന്ന ഒരു നേതാവിന്റെ അവസ്ഥയിലാണ് ഇപ്പോൾ ഉള്ളത്. പാർട്ടിയിൽ നിന്നും മാത്രമല്ല യൂത്ത് കോൺഗ്രസിൽ നിന്നും ചാണ്ടി ഉമ്മൻ പൂർണ്ണമായും അകന്നു നിൽക്കുകയാണ്. വളരെ ഗൗരവമുള്ള ഉപതിരഞ്ഞെടുപ്പുകൾ ഇപ്പോൾ നടന്നുകൊണ്ടിരിക്കുമ്പോൾ പാലക്കാട് മാത്രമല്ല വയനാട്ടിൽ പോലും കാര്യമായ സാന്നിധ്യം ഉറപ്പിക്കാൻ ചാണ്ടി ഉമ്മൻ തയ്യാറായിട്ടില്ല. യൂത്ത് കോൺഗ്രസിൻറെ ഭാരവാഹിയായിരുന്ന ചാണ്ടി ഉമ്മന്റെ അടുപ്പക്കാരനായ രാഹുൽ മാങ്കുട്ടത്തിൽ മത്സരിക്കുന്ന പാലക്കാട് മണ്ഡലത്തിൽ പോലും തെരഞ്ഞെടുപ്പ് പ്രചരണത്തിൽ പങ്കാളിയാകാൻ ചാണ്ടി ഉമ്മൻ തയ്യാറായിട്ടില്ല. മാത്രവുമല്ല കോൺഗ്രസിന് സംബന്ധിച്ചിടത്തോളം ഏറ്റവും ഉയരത്തിലുള്ള നേതാക്കളായ രാഹുൽഗാന്ധിയുംപ്രിയങ്ക ഗാന്ധിയും പലതവണ തെരഞ്ഞെടുപ്പ് പ്രചരണത്തിന് എത്തിയ വയനാട്ട് മണ്ഡലത്തിൽ പോലും ചാണ്ടി ഉമ്മൻ്റെ കാര്യമായ സാന്നിധ്യം ഉണ്ടായില്ല. രാഹുൽ ഗാന്ധി ഒഴിഞ്ഞ പാർലമെൻറ് സീറ്റിൽ സഹോദരിയായ പ്രിയങ്ക മത്സരിക്കാൻ എത്തിയത് കേരളത്തിലെ മുഴുവൻ കോൺഗ്രസുകാർക്കും ആവേശം പകർന്ന കാര്യമായിരുന്നു. ഇത്രയും പ്രാധാന്യമുള്ള ഒരു തെരഞ്ഞെടുപ്പ് മത്സരരംഗത്ത് ഉമ്മൻചാണ്ടിയെ പോലെ ഏറ്റവും വലിയ ജനകീയനും ഉയർന്ന നേതാവും ആയിരുന്ന ആളിന്റെ മകൻ അദ്ദേഹത്തിൻറെ വേർപാടിന് ശേഷം ഇത്തരത്തിൽ ഒളിച്ചു കളിക്കുന്നത് വലിയ പ്രതിഷേധമാണ് ഉയർത്തിയിരിക്കുന്നത്.
പാർട്ടി പറയുന്നതനുസരിച്ച് പ്രവർത്തിക്കുകയാണ് താൻ ചെയ്യുന്നത് എന്നും പാർട്ടി പറഞ്ഞാൽ എവിടെയും എത്തുമെന്നും ഏതു സ്ഥലത്ത് പ്രചാരണത്തിന് ഇറങ്ങണം എന്ന് പറയേണ്ടത് പാർട്ടിയാണ് എന്നും ഒക്കെയാണ് ഒടുവിൽ ചാണ്ടി ഉമ്മൻ ന്യായങ്ങൾ നിരത്തിയിരിക്കുന്നത്. എന്നാൽ കഴിഞ്ഞ കാലങ്ങളിൽ ചാണ്ടി ഉമ്മൻ ഇത്തരത്തിൽ ഒന്നുമല്ല പ്രവർത്തിച്ചിരുന്നത്. ആരും നിർദ്ദേശിക്കാതെ തന്നെ രാഹുൽ ഗാന്ധി നടത്തിയ ജോഡോ യാത്രയിൽ അവസാനം വരെ കാൽനടയായി പങ്കെടുത്ത ആളാണ് ചാണ്ടി ഉമ്മൻ. അതേ ആളാണ് ഇപ്പോൾ വിരോധം തീർക്കാൻ എന്ന വിധത്തിൽ പാർട്ടി പറഞ്ഞാൽ തെരഞ്ഞെടുപ്പ് പ്രവർത്തനത്തിന് ഇറങ്ങും എന്ന മുടന്തൻ ന്യായം പറഞ്ഞിരിക്കുന്നത്.ഉപതിരഞ്ഞെടുപ്പുകൾ അതിൻറെ പരിസമാപ്തിയിൽ എത്തുമ്പോൾ പോലും ഉമ്മൻചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മനെ ഒരിടത്തും കണ്ടിട്ടില്ല എന്ന ഖേദവും ആയിട്ടാണ് നേതാക്കളും കോൺഗ്രസ് പ്രവർത്തകരും ഇപ്പോൾഉള്ളത്. അതുകൊണ്ടുതന്നെ ഉമ്മൻ ചാണ്ടി എന്ന വലിയ നേതാവിന്റെ മകൻറെ ഭാവി ഇനി എങ്ങോട്ട് എന്ന കാര്യത്തിൽ തികഞ്ഞ അനിശ്ചിതത്വം ഉണ്ടായിരിക്കുന്നു എന്നതാണ് വാസ്തവം.