കേരള കോൺഗ്രസുകളെ ഒന്നിപ്പിക്കാൻ ക്രിസ്തീയ സഭ മേധാവികൾ.ബിജെപിയെ തറ പറ്റിക്കണമെന്ന് പുതിയ ആലോചന

അണിയറ നീക്കങ്ങൾ ചങ്ങനാശ്ശേരി ബിഷപ്പ് വഴി

കേരളത്തിലെ ക്രിസ്തീയ സഭാ വിശ്വാസികളിൽ നല്ല ഒരു പങ്ക് പ്രാതിനിധ്യമുള്ള പാർട്ടിയാണ് കേരള കോൺഗ്രസുകൾ. കർഷകരുടെ പാർട്ടി എന്നുകൂടി അറിയപ്പെടുന്ന കേരള കോൺഗ്രസ് കേരള രാഷ്ട്രീയത്തിൽ ഒരുകാലത്ത് വലിയ ശക്തി ആയിരുന്നു. കെ എം മാണി പിടി ചാക്കോ ആർ ബാലകൃഷ്ണപിള്ള തുടങ്ങിയ അന്തരിച്ച നേതാക്കളാണ് ആദ്യഘട്ടത്തിൽ കോൺഗ്രസ് വിട്ട് കേരള കോൺഗ്രസ് എന്ന പാർട്ടി രൂപീകരിച്ചത്. മധ്യകേരളത്തിലെ നാല് ജില്ലകളിൽ നല്ല തോതിൽ കർഷകരുടെ പങ്കാളിത്തം ഈ പാർട്ടിക്ക് ലഭിച്ചിരുന്നു. ഇതിൽ തന്നെ ഭൂരിഭാഗം പാർട്ടി പ്രവർത്തകരും ക്രിസ്തുമത വിശ്വാസികൾ ആയിരുന്നു എന്നത് ഈ പാർട്ടിയുടെ സവിശേഷത ആയിരുന്നു. എന്നാൽ പിന്നീട് ഈ പാർട്ടിയെ നയിച്ച നേതാക്കൻ മാർ തമ്മിൽ പല അവസരങ്ങളിൽ പരസ്പരം കലഹിച്ച് പാർട്ടി പിളർത്തി പുതിയ പുതിയ കേരള കോൺഗ്രസുകൾ ഉണ്ടാക്കി. ഇതോടെയാണ് കേരളത്തിൽ യഥാർത്ഥത്തിൽ കേരള കോൺഗ്രസ് എന്ന രാഷ്ട്രീയ പാർട്ടിയുടെ ശക്തി കുറഞ്ഞു കുറഞ്ഞു വന്നത്. എന്നാൽ ഇപ്പോഴും കർഷകരുടെ പാർട്ടി എന്ന കണക്കുകൂട്ടൽ ഈ പാർട്ടിക്ക് നിലനിൽക്കുന്നുണ്ട്. ഇപ്പോൾ കേരളത്തിൽ കേരള കോൺഗ്രസ് പാർട്ടികൾ ഏതാണ്ട് അര ഡസനോളം ഉണ്ട്. ഇതിനിടയിൽ ശക്തമായ പ്രവർത്തകരുമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നത് മാണി ഗ്രൂപ്പ് കേരള കോൺഗ്രസും ജോസഫ് ഗ്രൂപ്പ് കേരള കോൺഗ്രസും ആണ്.കേരള കോൺഗ്രസ് പാർട്ടിയിൽ പിളർപ്പിലൂടെ പലതായി മാറി നിൽക്കുന്ന എല്ലാ ഗ്രൂപ്പുകളെയും ഒരുമിപ്പിച്ചു കൊണ്ടുവരുന്നതിനുള്ള നീക്കമാണ് ക്രിസ്തീയ സഭയുടെ മേധാവികളും മറ്റും നടത്തിക്കൊണ്ടിരിക്കുന്നത്. ദേശീയതലത്തിൽ ബിജെപി എന്ന പാർട്ടിയും കേന്ദ്രസർക്കാരും ആവർത്തിച്ചു കൊണ്ടിരിക്കുന്ന ക്രിസ്തുമത വിരുദ്ധ പ്രവർത്തനങ്ങൾ മനസ്സുമടിപ്പിച്ചിട്ടാണ് സഭാ മേധാവികൾ സ്വന്തം വിശ്വാസികളുടെ നല്ല പങ്കാളിത്തമുള്ള കേരള കോൺഗ്രസ് പാർട്ടിയെ ശക്തിപ്പെടുത്തുക എന്ന ആശയവുമായി ഇപ്പോൾ മുന്നോട്ടു വന്നിരിക്കുന്നത്.

കേരളത്തിലെ പലതരത്തിലുള്ള ക്രിസ്തീയ സഭകളിൽ എല്ലാവരും തന്നെ പുതിയ നീക്കത്തോട് യോജിച്ചതായിട്ടാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. സിറിയൻ കത്തോലിക്കാ സഭ ലത്തീൻ കത്തോലിക്കാ സഭ അതുപോലെതന്നെ ഓർത്തഡോക്സ് മലങ്കര സഭകൾ തുടങ്ങിയ ക്രിസ്തുമത വിശ്വാസികളുടെ എല്ലാ മത വിഭാഗങ്ങളും കേരള കോൺഗ്രസുകളെ ഒരുമിപ്പിച്ചു നിർത്തി കേരളത്തിൽ ക്രിസ്ത്യാനികളുടെ ഒരു സംഘടിതശക്തി വളർത്തിയെടുക്കുന്നതിനുള്ള ശ്രമങ്ങളാണ് ആരംഭിച്ചിരിക്കുന്നത്. ഈ നീക്കങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത് സീറോ മലബാർ സഭയുടെ ചങ്ങനാശ്ശേരി ബിഷപ്പ് ആണ്. ലത്തീൻ സഭയുടെ ബിഷപ്പും ഒപ്പം നീങ്ങുന്നുണ്ട്.ഏറ്റവും ഒടുവിൽ വലിയ വിവാദമായി മാറിയിരിക്കുന്ന മുനമ്പം പ്രദേശത്തുള്ള ആൾക്കാരുടെ വിശേഷിച്ചും ക്രിസ്തുമത വിശ്വാസികളുടെ ഭീതിയും അവർ നടത്തുന്ന സമരവും ക്രിസ്തീയ സഭാ മേധാവികളെ വലിയതോതിൽ വിഷമിപ്പിച്ചിട്ടുണ്ട്. കാലങ്ങളായി മുനമ്പത്ത് വീടുവച്ച് താമസിക്കുന്ന നിരവധി ആൾക്കാർ അവിടെ നിന്നും ഒഴിയണം എന്നുള്ള വഖഫ് ബോർഡിൻറെ നിർദ്ദേശമാണ് അവിടെയുള്ള ക്രിസ്തുമത വിശ്വാസികളെ ആശങ്കയിൽ ആക്കിയിരിക്കുന്നത്. ഇത് തികച്ചും അനീതിയാണെന്നും ഇത്തരത്തിൽ ഒരു സമരത്തിനും അതിന് വഴിയൊരുക്കിയ വഖഫ് ബോർഡിൻറെ ഇടപെടലുകളും കേന്ദ്രസർക്കാരിൻറെ അനാസ്ഥയിലൂടെ ഉണ്ടായതാണ് എന്നാണ് ക്രിസ്തീയ സഭാ മേധാവികൾ വിശ്വസിക്കുന്നത്. കേരളത്തിൽ മാത്രമല്ല ദേശീയ തലത്തിൽ തന്നെ ക്രിസ്തുമത സ്ഥാപനങ്ങളും വിശ്വാസികളും നിരന്തരം ബിജെപിക്കാരുടെയും ആർ എസ് എസ് ൻ്റെയും ആക്രമണങ്ങളെ നേരിട്ടുകൊണ്ടിരിക്കുകയാണ്. മണിപ്പൂർ സംസ്ഥാനത്ത് ഒന്നരവർഷം പിന്നിട്ട അക്രമങ്ങൾ നിയന്ത്രിക്കുവാൻ കേന്ദ്രസർക്കാർ ഒന്നും ചെയ്തിട്ടില്ല എന്ന പരാതിയും ക്രിസ്തുമത മേലധ്യക്ഷന്മാർ എടുത്തു ചൂണ്ടിക്കാണിക്കുന്നുണ്ട്. ഈ കാര്യങ്ങൾ എല്ലാം പരിഗണിച്ചുകൊണ്ടാണ് സഭാവിശ്വാസികൾക്ക് കൂടുതൽ പങ്കാളിത്തമുള്ള കേരള കോൺഗ്രസ് പാർട്ടികളെ ഒരുമിപ്പിച്ചു നിർത്തി വലിയ രാഷ്ട്രീയ ശക്തിയാക്കി വിലപേശൽ നടത്തുക എന്ന ആശയത്തിലേക്ക് സഭാ മേധാവികൾ എത്തിയിരിക്കുന്നത്.

കേരളത്തെ സംബന്ധിച്ചിടത്തോളം പിന്നോക്ക സമുദായ പട്ടികയിൽ പെട്ടു നിൽക്കുന്നതാണ് മുസ്ലിം മത വിശ്വാസികളും എന്നാൽ കേരളത്തിലെ മുസ്ലിം ജനതയെ സംബന്ധിച്ചിടത്തോളം അവർക്ക് ശക്തമായ പ്രതിരോധം തീർക്കുവാനും ആവശ്യങ്ങൾ കാലാകാലങ്ങളിൽ രാഷ്ട്രീയ ഇടപെടലുകളിലൂടെ നേടിയെടുക്കുവാനും മുസ്ലിം ലീഗ് എന്ന ശക്തമായ പാർട്ടി ഉണ്ട്. ഈ പാർട്ടിയുടെ ശക്തി മുന്നിൽ കാട്ടി നടത്തുന്ന വിലപേശലുകളിൽ മാറിമാറി വന്നിട്ടുള്ള എല്ലാ സർക്കാരുകളും മുട്ടുമടക്കിയിട്ടുണ്ട് എന്നും ക്രിസ്തീയ സഭ മേധാവികൾ പറയുന്നുണ്ട്. അതുകൊണ്ട് തന്നെ മുസ്ലിം സമുദായത്തിനിടയിൽ മുസ്ലിം ലീഗ് എന്ന രാഷ്ട്രീയ പാർട്ടിക്ക് ഉണ്ടാക്കിയെടുക്കാൻ കഴിഞ്ഞ ശക്തി അതേ അളവിൽ ക്രിസ്തുമത വിശ്വാസികൾക്ക് പങ്കാളിത്തമുള്ള കേരള കോൺഗ്രസ് പാർട്ടിയിലൂടെ ഉണ്ടാക്കിയെടുക്കുക എന്ന തന്ത്രമാണ് സഭാ മേധാവികൾ ആലോചിച്ചു കൊണ്ടിരിക്കുന്നത്.പിളർന്നു മാറിനിൽക്കുന്ന എല്ലാ കേരള കോൺഗ്രസ് പാർട്ടികളും ഒരുമിച്ചു ചേർന്നാൽ മുസ്ലിം ലീഗ് എന്ന പാർട്ടിയേക്കാൾ ശക്തമായ ഒരു പാർട്ടിയായി കേരള കോൺഗ്രസ് മാറും എന്ന കണക്കുകൂട്ടൽ ആണ് സഭ മേലധ്യക്ഷൻ മാർക്ക് ഉള്ളത്. കേരള കോൺഗ്രസ് പാർട്ടികളെ ഒന്നിപ്പിക്കുക എന്ന ലക്ഷ്യവുമായി ഗ്രൂപ്പ് കേരള കോൺഗ്രസിൻറെ ചെയർമാൻ ആയ ജോസ് കെ മാണിയോടും അതുപോലെതന്നെ ജോസഫ് ഗ്രൂപ്പിൻറെ നേതാവായ പി ജെ ജോസഫിനോടും സീറോ മലബാർ സഭയുടെ മേധാവികൾ ചർച്ച നടത്തിയതായിട്ടാണ് അറിയുന്നത്. രണ്ടു നേതാക്കളും സഭ മേധാവികളുടെ നിർദ്ദേശങ്ങളെ തള്ളിക്കളഞ്ഞിട്ടില്ല. എന്നാൽ പല പാർട്ടികൾ ഒരുമിച്ചു ചേരുമ്പോൾ സ്ഥാനമാനങ്ങൾ എങ്ങനെ വീതം വയ്ക്കും എന്ന ഒരു തർക്കമാണ് ഇപ്പോൾ അവശേഷിക്കുന്നത്. പുതിയതായി രൂപം കൊള്ളുന്ന ഒരു കേരള കോൺഗ്രസിൻറെ ചെയർമാൻ ജോസഫ് ആകുമോ അതോ ജോസ് കെ മാണി ആകുമോ എന്ന തർക്കം മാത്രമാണ് ഇപ്പോൾ ക്രിസ്തീയ സഭാ മേധാവികൾക്ക് മുന്നിൽ ഉള്ളത്. എന്നാൽ സഭകളുടെ ഉന്നത പദവികളിൽ ഇരിക്കുന്ന കർദിനാൾ മാരും ബിഷപ്പുമാരും ഏകസ്വരത്തിൽ അഭ്യർത്ഥിച്ചാൽ ജോസ് കെ മാണിയും ജോസഫും പാർട്ടികളുടെ ഒരുമിക്കലിന് തയ്യാറാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. കേരള കോൺഗ്രസുകൾ ഒന്നായി കഴിഞ്ഞാൽ കേരളത്തിൽ നിലനിൽക്കുന്ന ഇടത് വലത് മുന്നണികൾക്ക് മുന്നിൽ ശക്തമായ അവകാശവാദങ്ങൾ ഉയർത്തുവാൻ കഴിയുമെന്നും ഇപ്പോൾ ലഭിക്കുന്നതിനേക്കാൾ അംഗീകാരവും കൂടുതൽ സീറ്റുകളും സ്വന്തമാക്കാൻ കഴിയും എന്നും നേതാക്കൾക്ക് ധാരണയുണ്ട്. ഈയൊരു സാധ്യത കൂടി കണ്ടുകൊണ്ടാണ് മത മേധാവികളും കേരള കോൺഗ്രസിൻറെ വിവിധ ഗ്രൂപ്പുകളുടെ നേതാക്കളും മുന്നോട്ട് നീങ്ങുന്നത്.