പഴയ അടവുമായി പിണറായി വരുന്നു.

ഗൗരിയമ്മയെയും വിഎസിനെയുംവെച്ച് കളിച്ച കളി വീണ്ടും

 

കേരളത്തിൽ ഇനി വരുന്നത് തെരഞ്ഞെടുപ്പ് വർഷമാണ്. രണ്ടു പ്രധാന തെരഞ്ഞെടുപ്പുകൾ ആണ് ഒരു വർഷത്തിനുള്ളിൽ കേരളത്തിൽ നടക്കുക. ആദ്യ തെരഞ്ഞെടുപ്പ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പാണ് .പിന്നെ വരുന്നത് കേരളം ആര് ഭരിക്കണം എന്ന് തീരുമാനിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പാണ് .കഴിഞ്ഞ രണ്ടു തെരഞ്ഞെടുപ്പുകളിലും ഭൂരിപക്ഷം നേടി അധികാരം തുടരുന്നത് പിണറായി സർക്കാർ ആണ്. വീണ്ടും ഒരു വിജയം കൂടി നേടിയെടുക്കുന്നതിന് അടവ് തന്ത്രങ്ങൾ പയറ്റുവാൻ പിണറായി രംഗത്ത് വന്നുകഴിഞ്ഞു. ഇടതുമുന്നണിയുടെ മൂന്നാം തുടർഭരണം സംഘടിപ്പിക്കുന്നതിന് പുതിയ അടവുമായിആണ് സിപിഎമ്മിന്റെ കൊല്ലത്ത് നടന്ന സംസ്ഥാന സമ്മേളനം അവസാനിച്ചത്. തുടർഭരണം കിട്ടിയാൽ ആരായിരിക്കും മുഖ്യമന്ത്രിഎന്ന കാര്യത്തിൽ പിണറായിയുടെ പേരാണ് പുറത്തുവരുന്നതെങ്കിൽ വിജയം ഉണ്ടാവില്ല എന്ന തിരിച്ചറിവ് പാർട്ടി നേതൃത്വത്തിന് ഉണ്ട് .അതുകൊണ്ടുതന്നെ പലവട്ടം പയറ്റി വിജയിച്ച ആ തന്ത്രം വീണ്ടും ഒരിക്കൽ കൂടി പ്രയോഗിക്കാനാണ് പിണറായി വിജയനും സിപിഎം നേതാക്കളും ശ്രമിക്കുന്നത്. ഏതായാലും കേരളത്തിലെ ജനങ്ങൾ പിണറായി വിജയൻ എന്ന മുഖ്യമന്ത്രിയെ ഇപ്പോൾ ഇഷ്ടപ്പെടുന്നില്ല . മാത്രവുമല്ല രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വന്നശേഷം കേരളം എല്ലാ കാര്യങ്ങളിലും പ്രതിസന്ധിയിൽ കുടുങ്ങിയിരിക്കുകയാണ് ..ജനങ്ങളെ സംബന്ധിച്ചിടത്തോളം വിലക്കയറ്റം, നികുതി വർദ്ധന, അക്രമങ്ങൾ ,കൊലപാതകങ്ങൾ ഇതിൻറെ എല്ലാം പേരിൽ അക്ഷരാർത്ഥത്തിൽ പൊറുതിമുട്ടി ജീവിക്കുകയാണ്. എങ്ങനെയെങ്കിലും ഈ ഭരണത്തിന് അവസാനം വേണം എന്ന തീരുമാനം ജനങ്ങൾക്കിടയിൽ ഉണ്ട്. ഇത് കുറെയൊക്കെ പിണറായി വിജയനും സിപിഎമ്മും തിരിച്ചറിയുന്നുണ്ട്. ഇതിൻറെ അടിസ്ഥാനത്തിലാണ് പുതിയ രാഷ്ട്രീയ തന്ത്രവുമായി വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ജനങ്ങൾക്കു മുന്നിലേക്ക് ഇറങ്ങുവാൻ ഇടതുമുന്നണിയും പിണറായി വിജയനും തയ്യാറാവുന്നത്..

കേരം തിങ്ങും കേരള നാട്ടിൽ കെ ആർ ഗൗരി മുഖ്യമന്ത്രി – ഒരു തെരഞ്ഞെടുപ്പ് കാലത്ത് കേരളത്തിലെ പാവപ്പെട്ട തൊഴിലാളികൾ അടക്കമുള്ള സാധാരണ സഖാക്കൾ മുദ്രാവാക്യം വിളിച്ച് നാടുനീളെ ഇറങ്ങിയിരുന്നു.. ആ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണി വിജയിക്കുകയും ചെയ്തു. കേരളം കണ്ട ഏറ്റവും വലിയ വിപ്ലവകാരിയായിരുന്ന ഗൗരിയമ്മയെ മുഖ്യമന്ത്രിയാക്കും എന്ന് സഖാക്കൾ നാടുനീളെ പറഞ്ഞു നടന്നപ്പോൾ ഗൗരിയമ്മയിൽ വിശ്വാസം ഉണ്ടായിരുന്ന കേരളത്തിലെ ജനങ്ങൾ വിജയിപ്പിച്ചു. എന്നാൽ വിജയമൊക്കെ നേടി ആര് മുഖ്യമന്ത്രിയാകും എന്ന ആലോചന വന്നപ്പോൾ പിണറായി വിജയൻ അടക്കമുള്ള നേതാക്കന്മാർ ചുവട് മാറ്റി.. പാർട്ടിയിൽ തന്നെ ഏറ്റവും മുതിർന്ന നേതാവും സ്ത്രീയുമായിരുന്ന ഗൗരിയമ്മയെ വളരെ വിദഗ്ധമായി ഒരു മൂലയിലേക്ക് ഒതുക്കിക്കൊണ്ട്, പുതിയ മുഖ്യമന്ത്രിയെ കണ്ടെത്തിയ പിണറായി തന്ത്രം അന്ന് വിജയം കണ്ടു.. ഒരു തെരഞ്ഞെടുപ്പ് കാലത്ത് പാർട്ടിയിലെ ഏറ്റവും സീനിയറായ നേതാവും ,സിപിഐ എന്ന കമ്മ്യൂണിസ്റ്റ് പാർട്ടി രണ്ടായി പിളർന്നപ്പോൾ സിപിഎമ്മിന് രൂപംകൊടുത്ത സ്ഥാപക നേതാക്കളിൽ അവശേഷിക്കുന്ന ആളുമായിരുന്ന വിഎസ് അച്യുതാനന്ദനെ വീണ്ടും മുഖ്യമന്ത്രിയാക്കും എന്നാണ് കേരളത്തിലെ ജനങ്ങൾ ധരിച്ചത്.. സാധാരണ ജനങ്ങളുടെ വികാരവിചാരങ്ങൾക്ക് അനുസരിച്ച് പ്രവർത്തിച്ചിട്ടുള്ള അച്യുതാനന്ദൻ ആ സമയത്ത് വലിയ ജനപ്രീതി നേടിയിരുന്നു.. അച്യുതാനന്ദൻറെ പേരും- പോസ്റ്ററും വ്യാപകമായി പ്രചരിപ്പിച്ചു കൊണ്ടാണ് ആ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണി ഭൂരിപക്ഷം നേടിയത്. അച്യുതാനന്ദൻ വയലാർ സമരത്തിന്റെ അവശേഷിക്കുന്ന സേനാനി കൂടി ആയിരുന്നു ..മാത്രവുമല്ല കമ്മ്യൂണിസ്റ്റ് ആശയങ്ങളെ മുറുകെപ്പിടിച്ച നേതാവ് കൂടിയായിരുന്നു.. പിണറായി വിജയൻറെ കൈപ്പിടിയിൽ പാർട്ടി ഒതുങ്ങുകയും വർഗ്ഗ രാഷ്ട്രീയം മറന്നുകൊണ്ട് മുതലാളിത്തത്തിന് പച്ചക്കൊടി കാണിക്കുന്ന ശൈലി സ്വീകരിച്ചപ്പോൾ അതിനെതിരെ പരസ്യമായി പ്രതികരിക്കുകയും പാർട്ടിയിൽ തന്നെ വിഭാഗീയത ഉണ്ടാക്കി, ഒരു വിഭാഗത്തിൻറെ ശക്തമായ നേതൃത്വം ഏറ്റെടുക്കുകയും ചെയ്ത നേതാവായിരുന്നു അച്യുതാനന്ദൻ. എന്നാൽ തെരഞ്ഞെടുപ്പ് വിജയം നേടിയെടുത്ത ശേഷം മുഖ്യമന്ത്രിപദം ആർക്ക് എന്ന കാര്യത്തിൽ ആലോചന വന്നപ്പോൾ സ്വന്തം രാഷ്ട്രീയ ഗുരു കൂടിയായ അച്യുതാനന്ദനെ ചവിട്ടി പുറത്താക്കി .. അച്യുതാനന്ദൻറെ പ്രായത്തിന്റെ കണക്കു പറഞ്ഞാണ് അദ്ദേഹത്തെ മുഖ്യമന്ത്രി പദത്തിൽ നിന്നും ഒഴിവാക്കിയത്..

ഇടതുമുന്നണിയെ നയിക്കുന്ന സിപിഎമ്മിന്റെ സംസ്ഥാന സമ്മേളനം ഒരാഴ്ച മുൻപാണ് കൊല്ലത്ത് സമാപിച്ചത്.. ആരാണ് മൂന്നാം ഇടതുമുന്നണി സർക്കാരിനെ നയിക്കുക എന്ന ആലോചന വന്നപ്പോൾ തന്ത്രപരമായി അതിനെ തടഞ്ഞു നിർത്തുകയും പുതിയ ഒരു പേര് ഉയർത്തിക്കൊണ്ടു വരാൻ കളികൾ നടത്തുകയും ചെയ്തു .. സമ്മേളന സമാപന അവസരത്തിൽ എല്ലാ തരത്തിലും അവഗണിച്ച് ഒതുക്കി നിർത്തിയിരുന്ന കെ കെ ശൈലജ എന്ന മുൻ മന്ത്രിയെ, പിണറായിക്കു ശേഷം പ്രസംഗിക്കാൻ വിളിച്ചുകൊണ്ട് തൻറെ പിൻഗാമിയാണ് വനിതാ നേതാവായ ശൈലജ എന്ന് വരുത്തി തീർക്കാനും അതുവഴി കേരളീയരെ കബളിപ്പിക്കാനും ഉള്ള നീക്കമാണ് പിണറായി നടത്തിയത്…

ശൈലജ ടീച്ചർ എന്തുതന്നെ പറഞ്ഞാലും കേരളത്തിലെ ജനങ്ങൾക്കിടയിൽ നല്ല അഭിപ്രായം നേടിയെടുത്ത മന്ത്രിയും നേതാവും ആണ്.. അങ്ങനെയുള്ള ഒരാളെമുന്നിൽ നിർത്തിയില്ല എങ്കിൽ വരുന്ന തെരഞ്ഞെടുപ്പിൽ സിപിഎമ്മും ഇടതുമുന്നണിയും തിരിച്ചടി നേരിടും എന്ന വാസ്തവം പിണറായിക്ക് ബോധ്യമായിട്ടുണ്ട്.. രണ്ടാം പിണറായി സർക്കാരിൻറെ കാര്യത്തിൽ കേരളത്തിലെ ജനങ്ങൾ ഒറ്റക്കെട്ടായി സർക്കാർ വിരുദ്ധ തീരുമാനത്തിൽ എത്തിയിട്ടുണ്ട് .. ജനങ്ങൾ അനുഭവിക്കുന്ന ദുരിതങ്ങളെ കേൾക്കാൻ പോലും മനസ്സുകാണിക്കാതെ അഹങ്കാരവും ധിക്കാരവും മാത്രം പ്രകടിപ്പിച്ചുകൊണ്ട് ജനങ്ങളെ മുഴുവൻ ശത്രുക്കൾ ആക്കിയ മുഖ്യമന്ത്രി എന്ന നിലയിലാണ് ഇപ്പോൾ പിണറായി വിജയൻ എത്തിനിൽക്കുന്നത്.. അതുകൊണ്ടുതന്നെ പിണറായി വിജയൻ എന്ന നേതാവിനെ മുന്നിൽ നിർത്തി നിയമസഭ തെരഞ്ഞെടുപ്പിന് നേരിട്ടാൽ കനത്ത തോൽവി ആയിരിക്കും ഉണ്ടാവുക എന്നത് പാർട്ടി നേതൃത്വം തിരിച്ചറിയുന്നുണ്ട്..

2021ൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ 99 സീറ്റുകളുമായി ഇടതുമുന്നണി ജയിക്കുകയും പിണറായി വിജയൻ രണ്ടാമതും മുഖ്യമന്ത്രി ആവുകയും ചെയ്തു..പ്രളയം പകർച്ചവ്യാധികൾ തുടങ്ങിയ അപ്രതീക്ഷിത ദുരിതങ്ങൾ ജനങ്ങൾക്ക് മുന്നിൽ കടന്നുവന്നപ്പോൾ അതിനെ നേരിടാൻഒരുമിക്കുന്ന കേരള ജനതയെ ആണ് കണ്ടത്.. അതുകൊണ്ടുതന്നെ സർക്കാരിൻറെ തീരുമാനങ്ങൾ വിമർശനംചെയ്യാനോ കുറ്റംപറയാനോ ആരും അന്ന് തയ്യാറായില്ല .. കോവിഡ് മഹാമാരിയുടെ കാരണം പറഞ്ഞുകൊണ്ട് കേരളത്തിലെ ജനങ്ങൾക്ക് സൗജന്യമായി ഭക്ഷ്യവസ്തുക്കളുടെ കിറ്റ് വിതരണം ചെയ്തപ്പോൾ ആ കിറ്റിൽ മയങ്ങി വീണ പാവപ്പെട്ട ജനങ്ങൾ പിണറായി പുകഴ്ത്തുകയും വീണ്ടും ഒരിക്കൽ കൂടി പിണറായി ഭരിക്കട്ടെ എന്ന് തീരുമാനിക്കുകയും ചെയ്യുകയായിരുന്നു.. എന്നാൽ രണ്ടാം സർക്കാർ കാലാവധി പൂർത്തിയാക്കുന്ന അവസ്ഥയിലേക്ക് എത്തുമ്പോൾ ഇതുപോലെ ജനദ്രോഹം നടത്തിയ ഒരു സർക്കാർ കേരളത്തിൽ ഉണ്ടായിട്ടില്ല എന്ന് ജനങ്ങൾ തിരിച്ചറിഞ്ഞു കഴിഞ്ഞിരിക്കുന്നു.. അതുകൊണ്ടുതന്നെ അടുത്ത തെരഞ്ഞെടുപ്പിൽ ജനങ്ങളെ കബളിപ്പിക്കാൻ കഴിയുന്ന തന്ത്രം പയറ്റിയാൽഅല്ലാതെ രക്ഷപ്പെടില്ല എന്ന തിരിച്ചറിവു കൊണ്ടാണ് ഒന്ന് രണ്ട് തവണ വിജയിച്ച കപട തന്ത്രം വീണ്ടും പ്രയോഗിക്കാൻ പിണറായിയും സിപിഎമ്മും തയ്യാറാവുന്നത്.. എന്നാൽ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ വനിതാ നേതാവായ ശൈലജയുടെ പടവും പേരും ഉപയോഗിച്ചുകൊണ്ട് ഇടതുമുന്നണി വിജയത്തിലെത്തും എന്ന് ആരും കരുതുന്നില്ല…

രണ്ടാം പിണറായി സർക്കാർ ജനങ്ങൾക്ക് ദ്രോഹങ്ങൾ അല്ലാതെ നല്ലത് ഒന്നും ചെയ്തിട്ടില്ല എന്ന തിരിച്ചറിവ് ജനങ്ങൾക്കുണ്ട്.. എങ്ങനെയെങ്കിലും എത്രയും വേഗം പിണറായി വിജയനെ മുഖ്യമന്ത്രി കസേരയിൽ നിന്നും ഇറക്കി വിടുക,.. അങ്ങനെ കേരളത്തെ രക്ഷിക്കുക എന്ന ആലോചന കേരള ജനങ്ങളിൽ ഉണ്ടായിക്കഴിഞ്ഞിരിക്കുന്നു.. ഏതായാലും പലപ്പോഴും ജനങ്ങളെ പറ്റിക്കുന്ന രാഷ്ട്രീയ അടവുകൾ പയറ്റി വിജയിച്ചിട്ടുള്ള പിണറായി വിജയൻ കെ കെ ശൈലജ എന്നാൽ ജനപ്രിയ നേതാവിന്റെ കാർഡ് ഇറക്കി വീണ്ടും ഒരു വിജയം നേടാനുള്ള തന്ത്രങ്ങൾ പയറ്റുകയാണ്.. ഈ പേര് ഉപയോഗിച്ചുകൊണ്ട് എന്തെങ്കിലും തരത്തിൽ ഒരു തെരഞ്ഞെടുപ്പ് വിജയം ഇടതുമുന്നണിക്ക് ഉണ്ടായാൽ അപ്പോൾ രംഗത്ത് വരുന്ന പിണറായി വിജയൻ ശൈലജ ടീച്ചർ എന്ന മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ കണ്ടതായിട്ടോ കേട്ടത് ആയിട്ടോ ഭാവിക്കില്ലഎന്നതായിരിക്കും യഥാർത്ഥത്തിൽ സംഭവിക്കുക..