ഞാനൊരു മുസ്‌ലിമാണ്. അഭയാർഥിയാണ്;ഇൽ​ഹാൻ ഒമറിനെ പുറത്താക്കി

വാഷിങ്ടൺ: ഇസ്രയേലിനെതിരെ നടത്തിയ മുൻ വിമർശനങ്ങളുടെ സാഹചര്യത്തിൽ യു.എസ് വിദേശകാര്യ സമിതിയിൽ നിന്ന് ഡെമോക്രാറ്റിക് പ്രതിനിധിയും അഭയാർഥി വനിതയുമായ ഇൽ​ഹാൻ ഒമറിനെ ജനപ്രതിനിധി സഭ പുറത്താക്കി. റിപ്പബ്ലിക്കൻ പാർട്ടിക്ക് ഭൂരിപക്ഷമുള്ള ജനപ്രതിനിധി സഭയാണ് ഇൽഹാനെ പുറത്താക്കിയത്. വിദേശകാര്യ സമിതിയുടെ ആഫ്രിക്കൻ സബ് കമ്മിറ്റിയിലെ പ്രധാന അം​ഗമായിരുന്നു
ഇൽ​ഹാൻ

അതേസമയം , ഇൽഹാനെ പുറത്താക്കിയ നടപടിയെ വൈറ്റ് ഹൗസ് അപലപിച്ചു. ഇൽഹാൻ ഒമർ കോൺഗ്രസിൽ ഏറെ ബഹുമാനിക്കപ്പെടുന്ന അംഗമാണെന്നും റിപ്പബ്ലിക്കൻ നീക്കം രാഷ്ട്രീയ പ്രതികാരമാണെന്നും മാധ്യമപ്രവർത്തകരോട് സംസാരിച്ച വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരീൻ ജീൻ പിയറി പറഞ്ഞു.

”ഞാനൊരു മുസ്‌ലിമാണ്. അഭയാർഥിയാണ്. അതിലുപരി ഞാനൊരു ആഫ്രിക്കനാണ്. അതുകൊണ്ട് തന്നെ താൻ വേട്ടയാടപ്പെടുന്നതിൽ ആർക്കെങ്കിലും അതിശയം തോന്നുന്നുണ്ടോ?. അമേരിക്കൻ വിദേശകാര്യ നയത്തെക്കുറിച്ച് സംസാരിക്കാൻ ഞാൻ യോഗ്യയല്ലെന്ന് അവർ കരുതുന്നതിൽ ആരെങ്കിലും ആശ്ചര്യപ്പെടുന്നുണ്ടോ?”എന്നാണ് ഇൽഹാൻ ചോദിച്ചത്.

ഞങ്ങൾ കോൺഗ്രസിൽ വന്നത് മിണ്ടാതിരിക്കാനല്ല. അഭയാർഥി ക്യാമ്പുകളിൽ കഴിയുന്ന കുടുംബങ്ങൾക്കും ലോകമെമ്പാടുമുള്ള നീതി തേടുന്നവർക്കും വേണ്ടി ശബ്ദിക്കാനാണ് ഞങ്ങൾ കോൺഗ്രസിലേക്ക് വന്നത്. കാരണം, യുദ്ധത്തെ അതിജീവിച്ച ഈ കുട്ടി ആഗ്രഹിച്ചത് അതാണ് എന്നാണ് ഇൽഹാൻ ട്വീറ്റ് ചെയ്തു.

സമിതിയിൽ നിന്ന് പുറത്താക്കി തന്നെ നിശബ്ദയാക്കാനാകില്ലെന്നും ഇൽഹാൻ ഒമർ വ്യക്തമാക്കി. സൊമാലിയൻ അഭയാർഥി വനിതയായ ഇൽഹാൻ ഒമർ റിപ്പബ്ലിക്കൻ കമ്മിയം​ഗങ്ങളാൽ ഈ വർഷം പുറത്താക്കപ്പെടുന്ന മൂന്നാമത്തെ ഡെമോക്രാറ്റ് പ്രതിനിധിയാണ്. ട്വീറ്റ് വിവാദമായതോടെ ഇൽഹാൻ മാപ്പ് പറഞ്ഞിരുന്നു.