സുഡാൻ രക്ഷാദൗത്യം; 180 പേർ കൊച്ചിയിലെത്തി

എറണാകുളം: ആഭ്യന്തര കലഹം രൂക്ഷമായ സുഡാനില്‍ നിന്ന് ഓപ്പറേഷന്‍ കാവേരിയുടെ ഭാഗമായി 180 പേര്‍ കൊച്ചിയിലെത്തി. ജിദ്ദയില്‍ നിന്നും നേരിട്ടുള്ള സ്‌പൈസ് ജെറ്റ് വിമാനത്തിലാണ് നാട്ടിലെത്തിച്ചത്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് കൊച്ചിയിലെത്തിയത്. ഓപ്പറേഷന്‍ കാവേരിയുടെ ഭാഗമായി പൗരന്മാരെ ഒഴിപ്പിക്കുന്ന സാഹചര്യത്തില്‍ സുഡാനില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഞായറാഴ്ച 22 പേര്‍ നാട്ടില്‍ തിരിച്ചെത്തിയിരുന്നു. കാവേരിയിലൂടെ 3000 പേരെ രക്ഷിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യം. വെള്ളിയാഴ്ച വരെ 2,400 ലേറേ ഇന്ത്യക്കാരെ സുഡാനില്‍നിന്ന് രക്ഷപ്പെടുത്തിയതായി കേന്ദ്രം അറിയിച്ചു. ഇന്ത്യന്‍ നാവിക സേനയുടെ ഐഎന്‍എസ് തേജ നേരത്തെ 288 പേരെയും ഐഎന്‍എസ് സുമേദ 300 പേരെയും സുഡാനില്‍നിന്നു രക്ഷപ്പെടുത്തിയിരുന്നു. ഖാര്‍ത്തൂമിലെ ഇന്ത്യന്‍ എംബസിയിലും പോര്‍ട്ട് സുഡാനിലും ജിദ്ദയിലും മുഴുവന്‍ സമയ കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുണ്ട്. 3500ഓളം ഇന്ത്യക്കാര്‍ സുഡാനിലുണ്ടെന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ ഏകദേശ കണക്ക്. ഇതില്‍ 3100 പേര്‍ നാട്ടിലേക്ക് മടങ്ങാനായി ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതായാണ് റിപ്പോര്‍ട്ട്. പോര്‍ട്ട് സുഡാനിലെ ഒരു സ്‌കൂള്‍ കെട്ടിടത്തിലാണ് ഇന്ത്യന്‍ എംബസി താത്കാലികമായി ക്യാമ്പ് തുറന്നിരിക്കുന്നത്. നാട്ടിലേക്കുള്ള മടക്കം കാത്ത് നിരവധി പേരാണ് ക്യാമ്പില്‍ കഴിയുന്നത്.