“അമേരിക്കൻ മിസൈലുകള്‍ റഷ്യക്ക് അകത്ത് വന്നാല്‍ ആണവായുധം ഉപയോഗിക്കും”

നയത്തില്‍ മാറ്റം വരുത്തി റഷ്യ

രാജ്യത്തിൻ്റെ ആണവായുധ നയത്തില്‍ മാറ്റം വരുത്തി റഷ്യൻ പ്രസിഡൻ്റ് വ്ളാദിമിർ പുട്ടിൻ.റഷ്യക്കെതിരേ യുഎസ് നിർമിത മിസൈലുകള്‍ ഉപയോഗിക്കാൻ യുക്രൈന് അനുമതി ലഭിച്ചതിന് പിന്നാലെയാണ് ഈ നടപടി.ആർമി ടാക്ടിക്കല്‍ മിസെല്‍ സിസ്റ്റംസ് അഥവാ എടിഎസിഎംഎസ് എന്ന ദീർഘദൂര ബാലിസ്റ്റിക് മിസൈല്‍ റഷ്യക്ക് അകത്ത് ഉപയോഗിക്കാൻ യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ യുക്രൈന് അനുമതി നല്‍കിയത് കഴിഞ്ഞ ദിവസമാണ്.റഷ്യൻ വക്താവ് ദിമിത്രി എസ് പെസ്കോവ് ആവർത്തിച്ചു പറയുന്നത് രാജ്യത്തിൻ്റെ ഭൂമിശാസ്ത്രപരമായ അഖണ്ഡതക്ക് പരമ്ബരാഗത ആയുധങ്ങള്‍ കൊണ്ട് വെല്ലുവിളിയുണ്ടായാല്‍ പോലും ആണവായുധം ഉപയോഗിക്കാൻ അവകാശമുണ്ടെന്നാണ്.
റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചത് അമേരിക്ക അനുമതി നല്‍കിയ ഉടൻ യുക്രൈൻ എടിഎസിഎംഎസ് ഉപയോഗിച്ചെന്നാണ്. തെക്ക് പടിഞ്ഞാറൻ റഷ്യയിലെ ഒരു ആയുധ ഡിപ്പോക്ക് നേരെയാണ് ആക്രമണമുണ്ടായത്.അമേരിക്കൻ, യുക്രൈൻ ഉദ്യോഗസ്ഥരും ഇക്കാര്യം സ്ഥിരീകരിച്ചു.യുദ്ധം പുതിയ ഘട്ടത്തിലേക്ക് കടക്കുന്നത്തിൻ്റെ തെളിവാണ് ഈ ആക്രമണം എന്ന് റഷ്യൻ പ്രതിരോധ മന്ത്രി സെർജി ലവ്റോ പറഞ്ഞു.

പുതിയ നയത്തിലെ വ്യവസ്ഥകള്‍:

1) ആണവായുധമുള്ള ഒരു രാജ്യം, ആണവായുധ ശേഷിയില്ലാത്ത ഒരു രാജ്യത്തെ, റഷ്യയെ ആക്രമിക്കാൻ സഹായിക്കുകയാണെങ്കില്‍ അവർക്കെതിരേ ആണവായുധം ഉപയോഗിക്കാം. ഇത് നിലവില്‍ യുക്രൈൻ യുദ്ധത്തെക്കുറിച്ചുള്ളതാണ്. ആണവായുധ ശേഷിയുള്ള അമേരിക്കയും ഫ്രാൻസും ഇസ്രായേലുമെല്ലാം യുക്രൈന് പിന്തുണ നല്‍കുന്നുണ്ട്.

2) പരമ്ബരാഗത ആയുധങ്ങള്‍ കൊണ്ട് റഷ്യക്ക് ഗുരുതരമായ വെല്ലുവിളി ഉണ്ടാക്കുന്നവർക്ക് എതിരെയും ആണവായുധം ഉപയോഗിക്കാം.

റഷ്യക്ക് എതിരെ ആണവായുധം ഉള്ള ഒരു രാജ്യം മറ്റൊരു രാജ്യത്തെ ഉപയോഗിക്കുന്നതിനെ സംയുക്ത സൈനിക നടപടി ആയി കാണുമെന്ന് പുതിയ ആണവനയം പറയുന്നു.ദിമിത്രി പെസ്കോവ് പറഞ്ഞത് ഇത് പുതിയ നയത്തിലെ വളരെ പ്രധാനപ്പെട്ട വാചകമാണെന്നാണ്. റഷ്യക്കോ ബെലാറസ് അടക്കമുള്ള സഖ്യ കക്ഷികള്‍ക്കോ എതിരായ ഏതൊരു നീക്കത്തെയും പ്രതിരോധിക്കുമെന്നും ദിമിത്രി പറയുന്നു.2022ല്‍ യുക്രെയിനില്‍ റഷ്യ തുടങ്ങിയ പ്രത്യേക സൈനിക നടപടി പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. യുക്രൈൻ . അമേരിക്കയും യൂറോപ്പും ആണ് ഇന്ന് നിരന്തരമായ പരാജയങ്ങള്‍ നേരിട്ട് കൊണ്ടിരിക്കുന്ന യുക്രൈനെ നിലനിർത്തുന്നത്.ഉത്തര കൊറിയയും ഇറാനും ചൈനയും റഷ്യക്ക് ആയുധങ്ങള്‍ നല്‍കുന്നു. ഉത്തര കൊറിയ 13,000 സൈനികരെയും നല്‍കി.അമേരിക്കൻ നിർമ്മിത മിസൈലുകള്‍ റഷ്യക്ക് അകത്ത് എത്തിയാല്‍ അമേരിക്ക നേതൃത്വം നല്‍കുന്ന നാറ്റോ സഖ്യവുമായി യുദ്ധം ഉണ്ടാവുമെന്ന് പുട്ടിൻ നേരത്തെ വ്യക്തമാക്കിയിരുന്നു. റഷ്യൻ സെക്യൂരിറ്റി കൗണ്‍സില്‍ അംഗവും മുൻ പ്രസിഡൻ്റുമായ ദിമിത്രി മദ് വദേവ് പറഞ്ഞത് അമേരിക്ക നല്‍കിയ മിസൈലുകള്‍ റഷ്യക്ക് എതിരെ യുക്രൈൻ ഉപയോഗിക്കുന്നത് നാറ്റോ അത് ചെയ്യുന്നതിന് തുല്യമാണെന്നാണ്.അങ്ങനെ ഉണ്ടാവുകയാണെങ്കില്‍ കൂട്ട നശീകരണ ആയുധങ്ങള്‍ യുക്രെയിനിലും നാറ്റോ കേന്ദ്രങ്ങളിലും പ്രയോഗിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.