അധിനിവേശ കിഴക്കന്‍ ജറുസലേമിലെ അല്‍-അഖ്സ മസ്ജിദ് വളപ്പിലേക്ക് തീവ്ര വലതുപക്ഷക്കാരനായ ഇസ്രായേല്‍ മന്ത്രി കടന്നു കയറിയതിനെ സൗദി അറേബ്യ ശക്തമായി അപലപിച്ചു. ഇസ്രായേല്‍ ദേശീയ സുരക്ഷാ മന്ത്രി ബെന്‍ ഗ്വിറിന്റെ അല്‍-അഖ്സ മസ്ജിദ് വളപ്പിലേക്കുള്ള അതിക്രമവും തെക്കന്‍ സിറിയയിലേക്കുള്ള ഇസ്രായേല്‍ അധിനിവേശ സേനയുടെ നുഴഞ്ഞുകയറ്റവും ഉള്‍പ്പെടെയുള്ള തുടര്‍ച്ചയായ ഇസ്രായേല്‍ ലംഘനങ്ങളെ സൗദി അറേബ്യ അപലപിക്കുന്നതായി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. അധിനിവേശം അവസാനിപ്പിക്കണമെന്നും പലസ്തീൻ രാജ്യം അംഗീകരിക്കണമെന്നും സൗദി ആവശ്യപ്പെട്ടു.അല്‍ അഖ്സ പള്ളിയിക്കു നേരെയുള്ള ഇടയ്ക്കിടെയുണ്ടാക്കുന്ന അതിക്രമങ്ങള്‍ ലോകമെമ്ബാടുമുള്ള മുസ്ലിങ്ങളുടെ വികാരങ്ങളുടെ നഗ്‌നമായ ലംഘനവും പ്രകോപനവുമാണെന്ന് സൗദി അറേബ്യ ഊന്നിപ്പറഞ്ഞു. സിറിയയില്‍ സൈനിക പ്രവര്‍ത്തനങ്ങള്‍ തുടരുന്നത് സിറിയയുടെ സുരക്ഷയും സ്ഥിരതയും പുനഃസ്ഥാപിക്കാനുള്ള സാധ്യതകളെ അട്ടിമറിക്കാനുള്ള ശ്രമമാണെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിലൂടെ വ്യക്തമാക്കി.
ഹീബ്രു ‘വെളിച്ചങ്ങളുടെ വിരുന്ന്’ (ഹനുക്ക) എന്ന് വിളിക്കപ്പെടുന്ന ജൂതമത വിശ്വാസ പ്രകാരമുള്ള ആചാരത്തിന്റെ തുടക്കം കുറിക്കുന്നതിനു വേണ്ടിയാണ് ഇസ്രായേല്‍ പോലീസിന്റെ കനത്ത സംരക്ഷണത്തില്‍ അല്‍ അഖ്‌സയില്‍ അതിക്രമിച്ചു കയറാന്‍ ഇസ്രായേലിന്റെ തീവ്രവാദ ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമര്‍ ബെന്‍-ഗ്വിര്‍ തയാറായത്. മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രകാരം തീവ്ര വലതുപക്ഷ മന്ത്രിയുടെ നേതൃത്വത്തില്‍ ഡസന്‍ കണക്കിന് കുടിയേറ്റക്കാര്‍ മൊറോക്കന്‍ ഗേറ്റ് വഴിയാണ് അല്‍-അഖ്‌സയിലേക്ക് ഗ്രൂപ്പുകളായി പ്രവേശിച്ചത്. മസ്ജിദിന്റെ മുറ്റത്തുനിന്ന് സംഘം പ്രകോപനപരമായ രീതിയില്‍ ല്‍മൂദിയന്‍ മന്ത്രങ്ങള്‍ ഉരുവിടുകയും ചെയ്തു.