ചൈനയിൽ വീണ്ടും രോ​ഗം പടരുന്നു?

ഹ്യൂമൻ മെറ്റാന്യൂമോവൈറസ് (HMPV) ആണ് പടർന്ന് പിടിക്കുന്നതെന്നാണ് റിപ്പോർട്ടുകള്‍

ചൈനയില്‍ കുട്ടികളിൽ എച്ച്‌.എം.പി.വി. കേസുകള്‍ പടരുന്നു. ഹ്യൂമൻ മെറ്റാന്യൂമോവൈറസ് (എച്ച്‌.എം.പി.വി.) ആണ് പടർന്ന് പിടിക്കുന്നതെന്നാണ് റിപ്പോർട്ടുകള്‍. നിറഞ്ഞുകവിഞ്ഞ ആശുപത്രികളുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. ചൈനയുടെ വടക്കൻ പ്രവിശ്യയിലാണ് കൂടുതല്‍ കേസുകളും റിപ്പോർട്ട് ചെയ്യുന്നതെന്നും വൈറസ് ബാധിച്ച്‌ നിരവധി മരണങ്ങള്‍ സംഭവിച്ചതായും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ചൈനീസ് സർക്കാരോ ലോകാരോഗ്യ സംഘടനയോ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ഇത് ന്യൂമോവിരിഡേ (Pneumoviridae) ഗണത്തില്‍പ്പെട്ട വൈറസാണ്. 2001-ലാണ് ആദ്യമായി തിരിച്ചറിഞ്ഞത്. ശ്വാസകോശ അണുബാധകള്‍ക്ക് കാരണമാകുന്നു. ജലദോഷം അല്ലെങ്കില്‍ പനി പോലുള്ള ലക്ഷണങ്ങളാണ് കാണിക്കുന്നത്. എല്ലാ പ്രായത്തിലുമുള്ള വ്യക്തികളെയും ബാധിക്കുമെങ്കിലും അഞ്ച് വയസില്‍ താഴെയുള്ള കുട്ടികളിലും നവജാതശിശുക്കളിലും ഇത് ഗുരുതരമാകാം. പ്രായമായവർ, പ്രതിരോധശേഷി കുറഞ്ഞവർ എന്നിവരേയും ഇത് കൂടുതലായി ബാധിക്കാം. രോഗം ബാധിച്ചവരുമായുള്ള നേരിട്ടുള്ള സമ്ബർക്കത്തിലൂടെയോ വൈറസ് ബാധിച്ച വസ്തുക്കളില്‍ സ്പർശിക്കുന്നതിലൂടെയോ രോഗം പടരുന്നു. രോഗം ബാധിച്ചവർ ചുമയ്ക്കുകയോ തുമ്മുകയോ വഴി രോഗം പടരാം. സ്പർശനം പോലുള്ള അടുത്ത ശാരീരിക ബന്ധവും രോഗപ്പകർച്ചയ്ക്ക് കാരണമാകും. വൈറസിന്റെ സാന്നിധ്യമുള്ള പ്രതലത്തില്‍ സ്പർശിച്ച ശേഷം വായിലോ മൂക്കിലോ കണ്ണിലോ സ്പർശിക്കുന്നതും രോഗബാധയുണ്ടാക്കാം. എച്ച്‌എംപിവിയുടെ ഇൻകുബേഷൻ കാലയളവ് സാധാരണയായി മൂന്ന് മുതല്‍ ആറ് ദിവസം വരെയാണ്. കുറഞ്ഞത് 20 സെക്കൻഡെങ്കിലും സോപ്പും വെള്ളവും ഉപയോഗിച്ച്‌ കൈകള്‍ ഇടയ്ക്കിടെ കഴുകുക, കഴുകാത്ത കൈകള്‍ കൊണ്ട് മുഖത്ത് തൊടുന്നത് ഒഴിവാക്കുക, തിരക്കേറിയ സ്ഥലങ്ങളില്‍ മാസ്ക് ധരിക്കുക എന്നിവയാണ് ഫലപ്രദമായ പ്രതിരോധ മാർഗങ്ങള്‍. നിലവില്‍ ഹ്യൂമൻ മെറ്റാന്യൂമോവൈറസിന് പ്രത്യേക ചികിത്സയോ വാക്സിനോ ലഭ്യമല്ലെന്നും വിദഗ്ധർ പറയുന്നു.