എക്കോചേംബറുകൾ

സോഷ്യൽമീഡിയയുടെ വിഷപ്പല്ലുകൾ

എന്താണ് എക്കോചേംബറുകൾ?
തങ്ങൾ കാണാനും കേൾക്കാനും ആഗ്രഹിക്കുന്ന കാര്യങ്ങൾമാത്രം ലഭിക്കുന്ന, അതുവഴി തന്റെ വിശ്വാസങ്ങൾ (വസ്തുതാപരമല്ലാത്ത ധാരണകളും) ഊട്ടിയുറപ്പിക്കുന്ന അവസ്ഥയ്ക്കാണ് സോഷ്യോളജിയിൽ എക്കോചേംബർ എന്നുപറയുന്നത്. എങ്ങനെയെന്ന് വിശദീകരിക്കാം.

ഒരു ഉദാഹരണം നോക്കാം
കേരളം എന്നത് സുരക്ഷിതമല്ലാത്ത ഒരു സംസ്ഥാനമാണെന്നു ചെറുതായെങ്കിലും കരുതുന്നവർക്ക് ആ രീതിയിലുള്ള വാർത്തകൾ ആയിരിക്കും ഭൂരിപക്ഷം സോഷ്യൽ മീഡിയയിൽ കാണാൻ കഴിയുക. അത്തരം വിശ്വാസങ്ങൾ ഉള്ള വാട്‌സ്ആപ്പ് ഗ്രൂപ്പുകളിൽ കൂടി അംഗമാകുന്നതോടെ വാർത്തകളുടെ സെലക്ഷൻ കൂടുതൽ കൃത്യമാകുന്നു. അവരുടെ വിശ്വാസം ഓരോ ദിവസവും കൂടി വരുന്നു. ഇനി നേരെ തിരിച്ചു സമസ്ത മേഖലയിലും കേരളം മുന്നേറുകയാണെന്നു കരുതുന്നവരുടെ കാര്യം എടുക്കാം. അവരുടെ മുന്നിലേക്ക് അതിനെ ഊട്ടിയുറപ്പിക്കുന്ന വാർത്തകൾ വളരെ സെലക്റ്റീവ്‌ ആയി വിളമ്പുന്നതോടെ ഇവരുടെ വിശ്വാസവും അതേ അനുപാതത്തിൽ കൂടുന്നു.

ഈ രണ്ടു ധ്രുവങ്ങളിൽ നിൽക്കുന്ന ഇവർ തമ്മിൽ സംസാരിച്ചാൽ തർക്കവും വിയോജിപ്പും മാത്രമാണ് ഉണ്ടാവുക. ഉദാഹരണമായി, സയൻസിൽ കൂടുതൽ വിശ്വസിക്കുന്നവർ കൂടുതൽ സയന്റിഫിക് ടെംപർ ഉള്ളവരായും മതവിശ്വാസികൾ കൂടുതൽ സായൻസിനെ എതിർക്കുന്നവരായും കാണാം. മറ്റൊരു ഉദാഹരണം ചന്ദ്രനിൽ ആൾ പോയോ ഇല്ലയോ എന്നുള്ള രണ്ടു വിഭാഗങ്ങൾ. അതേ പോലെ ഭൂമി ഉരുണ്ടതെന്നും പരന്നതെന്നും എന്ന രണ്ടു വിഭാഗങ്ങൾ. അതായത്, വ്യക്തിപരമായ അഭിപ്രായങ്ങൾക്കും വികാരങ്ങൾക്കും വസ്തുതകളെക്കാൾ പ്രാധാന്യം നൽകുകയും അതിലൂടെ പൊതുഅഭിപ്രായങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്ന സാഹചര്യങ്ങളെയാണ് പോസ്റ്റ് ട്രൂത്ത് എന്ന് പൊതുവിൽ വിശേഷിപ്പിക്കുന്നത്. സത്യത്തെക്കാൾ കൂടുതൽ ആൾക്കാർ വിശ്വസിക്കുന്ന കാര്യം എന്നു ഇതിനെ പറയാം.

വാർത്തകൾ അത്യന്തം വിശ്വസനീയമായ വിധത്തിൽ ബഹുഭൂരിപക്ഷം ജനങ്ങളിലേക്കും എത്തിക്കുന്നതിന് നിർമിതബുദ്ധിക്ക് ഇന്ന് സാധിക്കുന്നുണ്ട്. സ്വാഭാവികമായും എന്തു വിശ്വസിക്കണം, എന്തു വിശ്വസിക്കരുത് എന്ന് തിരിച്ചറിയാനുള്ള മനുഷ്യരാശിയുടെ കഴിവുകളും ഇതിലൂടെ ചോദ്യം ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. പരമ്പരാഗതമാധ്യമങ്ങളിലും ജനാധിപത്യമൂല്യങ്ങളിലും വളരെയധികം വിശ്വസിച്ചിരുന്ന പൊതുജനം അൽഗോരിതങ്ങളാൽ സൃഷ്ടിക്കപ്പെടുന്ന എക്കോചേംബറുകളിലേക്ക് കൂടുതലായി കുരുങ്ങിവീഴുകയാണ്. സാമൂഹികമാധ്യമങ്ങളിൽ നമുക്ക് താത്‌പര്യമുള്ള വിഷയങ്ങൾമാത്രം നമുക്ക് കിട്ടുംവിധമാണ് അൽഗോരിതങ്ങൾ നിലവിൽ ഡിസൈൻ ചെയ്തിരിക്കുന്നത് എന്നതാണ് ഇതിന്റെ അടിസ്ഥാനം. പക്ഷെ യഥാർത്ഥത്തിൽ നമ്മുടെ താത്പര്യത്തിലുള്ള കാര്യങ്ങൾമാത്രം പ്രതിധ്വനിച്ചുകിട്ടുന്ന വിധത്തിലുള്ള ഒരു എക്കോചേംബർ മാത്രമാണ് സോഷ്യൽ മീഡിയകളിലൂടെ ലഭിക്കുന്ന വാർത്തകൾ എന്നത് തിരിച്ചറിയാൻ നമ്മളിൽ ഒട്ടുമിക്കവർക്കും കഴിയാറില്ല. ഇത് ഒരുപക്ഷേ, മനുഷ്യ രാശി ഇന്ന് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്നാണെന്ന് പറയാം. ഈ എക്കോചേംബറുകൾക്ക് വഴിയൊരുക്കുന്നത് നമ്മുടെ സ്മാർട്ഫോണുകളും സമൂഹ്യമാധ്യമങ്ങളും ആണെന്ന് പറയേണ്ടതില്ലല്ലോ. മുമ്പേ സൂചിപ്പിച്ചതുപോലെ എക്കോ ചേംബറുകളിലാണ് ജീവിക്കുന്നതെന്ന് തിരിച്ചറിയാതെ നാം കൂടുതൽ വെറുപ്പിന്റെ ആഴങ്ങളിലേക്ക് പതിക്കുകയാണ് എന്നതാണ് നാം മനസിലാക്കാത്ത സത്യം.